കൊടകര: ചെമ്പൂച്ചിറ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണക്കളി മത്സരം ഞായറാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ രാത്രി 10 വരെ ചെമ്പൂച്ചിറ മഹാദേവ ക്ഷേത്ര മൈതാനിയിലാണ് മത്സരം. മികച്ച സ്വഭാവ നടിക്കുള്ള 2021 ലെ പുരസ്‌കാരം നേടിയ ശ്രീരേഖ സന്ദീപ് ഉദ്ഘാടനം ചെയ്യും. ഓടക്കുഴൽ വാദനത്തിൽ ഗിന്നസ് ബുക്ക് റെക്കാഡ് നേടിയ മുരളി നാരായണൻ വിശിഷ്ടാഥിതിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ബി. അശ്വതി, ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് എന്നിവർ മുഖ്യാതിഥികളാവും. ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ ഷിജിൽ ഷാജിയെയും ചടങ്ങിൽ അനുമോദിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരികളായ ഷാജു പൂക്കാടൻ, സത്യൻ മണപ്പുള്ളി, ചെയർമാൻ കുമാർ അരങ്ങത്ത്, വൈസ് ചെയർമാൻ നന്ദൻ ചാഴിക്കാടൻ, ജയദേവൻ പാപ്പാളി എന്നിവർ പങ്കെടുത്തു.