engamudi-villageofficeഇഞ്ചമുടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കുന്നു.

ചാഴൂർ: നവംബർ മുതൽ 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇഞ്ചമുടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് വർഷം കൊണ്ട് 1,550 വില്ലേജുകളിൽ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. പുതിയ സംവിധാനം ഉപയോഗിച്ച് ഒരേസമയം കേരളം അളന്നു പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും കൃത്യത ഉറപ്പുവരുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പുതുതായി വരുന്ന 4,770 ജീവനക്കാരുടെ കൂടി സഹായം ഇക്കാര്യത്തിലുണ്ടാവും. 44 ലക്ഷം രൂപ ചെലവഴിച്ച് പടിയം വില്ലേജിനെ സ്മാർട്ട് വില്ലേജാക്കി മാറ്റുമെന്നും മന്ത്രി പ്രഖ്യാപിച്ചു. യോഗത്തിൽ സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, തഹസിൽദാർ ടി. ജയശ്രീ എന്നിവർ സംസാരിച്ചു.