
പെൺകുട്ടികളും പ്ളസ്ടു- പ്രൊഫഷണൽ വിദ്യാർത്ഥികളും എം.ഡി.എം.എ. എന്ന മാരകമയക്കുമരുന്നിന് അടിമകളാകുന്നുവെന്ന പൊലീസ് മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെ എടുത്തില്ലെങ്കിൽ വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഉറപ്പ്. കുറഞ്ഞ അളവിൽത്തന്നെ മാരക ലഹരിയായി പ്രവർത്തിക്കുന്ന ഈ മയക്കുമരുന്നിന്റെ 6.7 കിലോഗ്രാമാണ് കേരളത്തിൽ കഴിഞ്ഞ ആഗസ്റ്റ് വരെ പിടിച്ചെടുത്തത് . പ്രതികളായവരിൽ ഏറെയും വിദ്യാർത്ഥികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
മെത്ത്, എം, കല്ല്, പൊടി തുടങ്ങിയ പേരുകളിലാണ് വിദ്യാർത്ഥികൾക്കിടയിൽ ഇത് അറിയപ്പെടുന്നത്. ഉപയോഗിക്കുന്ന രീതിയെ ലൈനിടുക എന്നാണ് അവർ പറയുന്നത്. വിദ്യാർത്ഥികളുടെ ബാഗ്, വസ്ത്രങ്ങൾ, കിടപ്പുമുറി തുടങ്ങിയവ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പരിശോധിക്കണമെന്നും ചുരുട്ടിയ നോട്ടുകൾ, ഉപയോഗിക്കാത്ത എ.ടി.എം കാർഡ്, പ്ലാസ്റ്റിക് പൗച്ചുകൾ തുടങ്ങിയവ വിദ്യാർത്ഥികളിൽ നിന്ന് കിട്ടിയാൽ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് പറയുന്നു. ലഹരിമരുന്നിനെതിരെ കേരള പൊലീസ് ആവിഷ്‌കരിച്ച യോദ്ധാവ് പദ്ധതിയുടെ ഭാഗമായി സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇതേക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എം.ഡി.എം.എ. അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് എങ്ങനെ തിരിച്ചറിയാനാകുമെന്നും എം.ഡി.എം.എ. ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. തൃശൂർ സിറ്റി പൊലീസിലെ സബ് ഇൻസ്‌പെക്ടറും ലഹരിവിരുദ്ധ സ്ക്വാഡിലെ അംഗവുമായ എൻ.ജി. സുവ്രതകുമാറാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിൽ മാത്രം ഈ വർഷം എട്ടുമാസത്തിനിടെ പിടിച്ചെടുത്തത് ഒരു കിലോഗ്രാം എം.ഡി.എം.എയാണ്. അറസ്റ്റിലായ അമ്പതോളം പേരും ചെറുപ്പക്കാരും മാരകവിഷത്തിന് അടിമകളായി ശാരീരികപ്രശ്നങ്ങൾ നേരിടുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
നൈജീരിയൻ സംഘം
ഓൺലൈൻ തട്ടിപ്പും മയക്കുമരുന്ന് വ്യാപാരവുമെല്ലാമായി നൈജീരിയൻ സംഘങ്ങൾ രാജ്യത്ത് പലയിടങ്ങളിലുമായി വേരുറപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇത്തരം സംഘങ്ങളെ കുടുക്കിയാൽ മാത്രമേ പ്രാദേശിക മയക്കുമരുന്ന് മാഫിയകളെ തളയ്ക്കാനാവൂ. ഇതിനുളള പരിശ്രമത്തിലാണ് പൊലീസ്. വിമാനത്തിലും കൊറിയറിലുമായാണ് കേരളത്തിലേക്ക് പലരും മാരകമയക്കുമരുന്ന് എത്തിക്കുന്നത്. കുറഞ്ഞ അളവിൽ എത്തിച്ചാലും വൻവില കിട്ടുമെന്നതിനാൽ കണ്ണികളാകുന്നവരും ഏറെയാണ്. ഉപയോഗിച്ച് കഴിഞ്ഞാൽ എട്ട് മണിക്കൂർ നേരത്തേക്ക് സ്വബോധമുണ്ടാകില്ല. പിന്നീട് ഉപയോഗിച്ചയാളെ നിയന്ത്രിക്കുന്നത് ഈ സിന്തറ്റിക് ഡ്രഗ് ആയിരിക്കും. തൃശൂരിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക്, കഴിഞ്ഞദിവസം കടന്നുവന്ന ആൺകുട്ടിയും പെൺകുട്ടിയും ഗുരുവായൂരിലെ താമസസ്ഥലത്തുവെച്ച് ഒരാൾ തങ്ങളെ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതി പറഞ്ഞു. രണ്ടുപേരും ലിവിംഗ് ടുഗദറായി ജീവിക്കുകയാണ്. പൊലീസ് സംഘം യുവാവുമായി സംഭവസ്ഥലത്തേക്ക് യാത്രതിരിച്ചു. യാത്രയ്ക്കിടെ അയാൾ വെള്ളം കുടിക്കണമെന്ന് പറഞ്ഞപ്പോൾ വാഹനം നിറുത്തി. എന്നാൽ വാഹനം നിറുത്തിയതോടെ അയാൾ ഇറങ്ങിയോടുകയായിരുന്നു. പിടികൂടി സ്‌റ്റേഷനിലെത്തിച്ചപ്പോൾ യുവാവ് ബഹളം വെച്ചു. ഇതിനിടെ പെൺകുട്ടിയും അട്ടഹസിക്കാൻ തുടങ്ങി. ഇതെല്ലാം എം.ഡി.എം.എ കിട്ടാത്ത സമയത്ത് കാട്ടിക്കൂടിയതാണെന്ന് പൊലീസിന് അപ്പോഴാണ് മനസിലായത്. പരസ്പരവിരുദ്ധമായിരുന്നു അവരുടെ സംസാരം.
ഗുജറാത്തിൽ
രണ്ടായിരം കോടി
ഗുജറാത്തി രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്നുകളാണ് കഴിഞ്ഞകാലങ്ങളിൽ പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. ഈ കണ്ണികൾ കേരളത്തിലെത്താൻ അധികം സമയം വേണ്ട. കേരളത്തിലെത്തുന്ന എം.ഡി.എം.എ 90 ശതമാനവും ബംഗളൂരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ്. തൃശൂർ ഈസ്റ്റ് ഫോർട്ടിൽ പെൺകുട്ടിയിൽനിന്ന് 18 ഗ്രാം എം.ഡി.എം.എയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തത്. വിൽക്കാനല്ല, സ്വയം ഉപയോഗിക്കാനുള്ളതാണന്നായിരുന്നു പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. ഒരു ഗ്രാമിന് പതിനായിരം രൂപ വരെ കൊടുക്കണം. ബംഗളൂരുവിൽ ഇഷ്ടംപോലെ കിട്ടും. അതിനാലാണ് ബംഗളൂരുവിൽപോയി 18 ഗ്രാം കൊണ്ടുവന്നതെന്നും പെൺകുട്ടി പറഞ്ഞപ്പോൾ പൊലീസ് ഞെട്ടി . കഞ്ചാവ് ഉപയോഗിച്ചിരുന്ന യുവാവ് കുറച്ച് വെളുത്ത പൊടിയുമായി പിടിയിലായപ്പോൾ, അത് എം.ഡി.എം.എ. ആണോ എന്ന് പൊലീസ് ചോദിച്ചു. എം.ഡി.എം.എ. ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ച യുവാവ്, താൻ കൊണ്ടുവന്നത് എം.ഡി.എം.എ. അല്ലെന്നും തന്റെ പല്ലിന്റെ പൊടിയാണെന്നും വെളിപ്പെടുത്തിയതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. നിരന്തര ഉപയോഗം കാരണം പല്ല് പൊടിഞ്ഞു പോവുകയായിരുന്നു. യുവാവിനെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
മദ്യം, കഞ്ചാവ്, ഒപ്പിയം, പാൻ ഉൽപന്നങ്ങൾ ഉൾപ്പടെയുള്ള മയക്കുമരുന്നുകളെ കടത്തിവെട്ടുകയാണ് എം.ഡി.എം.എ എന്ന സിന്തറ്റിക് ഡ്രഗ്സ്. അനധികൃത മദ്യത്തേക്കാൾ പിടിക്കപ്പെടുന്നത് ഇപ്പോൾ എം.ഡി.എം.എയാണ്. ഗോവ അടക്കമുളള സംസ്ഥാനങ്ങളിൽ നിന്ന് വടക്കൻജില്ലകൾ വഴിയും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മാനസികരോഗം, കാഴ്ചക്കുറവ്, പല്ലിനും അസ്ഥികൾക്കും ക്ഷയം...തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കുന്ന ഈ മയക്കുമരുന്ന് ദീർഘദൂര ഓട്ടക്കാരായ ഡ്രൈവർമാരും ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. രാത്രികളിൽ ഉണർന്നിരിക്കാനാണത്രേ അവർ ഇത് ഉപയോഗിക്കുന്നത്. മനോനില തകർന്ന് വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന വൻ ദുരന്തത്തെക്കുറിച്ച് ഇക്കൂട്ടർ ഓർക്കുന്നതേയില്ല.