vellaketറോഡിൽ കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ചീറിപ്പായുന്ന കാർ.

ദേശീയ പാത 66 ശ്രീനാരായണപുരം മതിൽ മൂല സെന്ററിൽ വെള്ളക്കെട്ട് രൂക്ഷം

കൊടുങ്ങല്ലൂർ: വാഹന യാത്രക്കാർക്ക് മരണക്കെണിയൊരുക്കി ദേശീയ പാതയിൽ വെള്ളക്കെട്ട്. ദേശീയ പാത 66 കടന്നുപോകുന്ന ശ്രീനാരായണപുരം മതിൽ മൂല സെന്ററിലാണ് യാത്രക്കാരുടെ ജീവന് ഭീഷണിയായി റോഡിലെ വെള്ളക്കെട്ട് അപകടം വിളിച്ചുവരുത്തുന്നത്.

റോഡിലൂടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് വെട്ടിച്ച് മാറ്റുന്നതും, വെള്ളത്തിൽ ഇറങ്ങാതെ എതിർ ദിശയിലൂടെ സഞ്ചരിക്കുന്നതുമാണ് അപകടത്തിന് കാരണമാകുന്നത്.

ഇത്തരത്തിൽ നിരവധി അപകടങ്ങളിലായി ആറ് ജീവനുകളാണ് അടുത്തിടെ നഷ്ടപ്പെട്ടത്. കുറേപേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. സമീപത്തെ സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും കാൽനട യാത്രക്കാരും റോഡിലെ വെളളക്കെട്ട് ഭീതിയോടെയാണ് കാണുന്നത്.

റോഡ് ഒരു വശം താഴ്ന്ന് കിടക്കുന്നതുമൂലം മഴ പെയ്താൽ റോഡിന്റെ മദ്ധ്യഭാഗം വരെ വെള്ളം കയറി 30 ഓളം മീറ്ററിൽ വെള്ളം നിൽക്കുന്നത് പതിവ് കാഴ്ചയാണ്. വെള്ളക്കെട്ട് മൂലം ഒട്ടേറെ അപകടങ്ങൾ നടന്നിട്ടും പ്രശ്‌നപരിഹാരത്തിന് ദേശീയ പാത അധികൃതർ നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇതിനെതിരെ നാട്ടുകാരും, വ്യാപാരികളും, ശ്രീനാരായണപുരം മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ദേശീയ പാത അധികൃതരോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് എം.ആർ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. പി.കെ. സുനിൽ, ടി.ജി. സജി, കെ.പി. സുരേഷ്, പി.ജി. സുനിൽ, ഓണച്ചെമ്മാവ് എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി അടിപറമ്പിൽ മോഹൻദാസ്, മുൻ പഞ്ചായത്ത് മെമ്പർ രഘുനാഥ് എന്നിവർ സംസാരിച്ചു.