husien
ഹുസൈന്‍

പുതുക്കാട്: നാട്ടിലെ അറിയപ്പെടുന്ന പാമ്പുപിടുത്തക്കാരനായിരുന്ന ഹുസൈന്റെ സാഹസികത കണ്ടാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിലെടുത്തത്. ഒടുവിൽ, സാഹസികമായി കാട്ടാനയെ തുരത്തുന്നതിനിടെ ജീവൻ നഷ്ടമായി.

കഴിഞ്ഞ നാലിന് കുങ്കിയാനകളുമായി വനാതിർത്തിയിലെ തോട്ടങ്ങളിൽ കാട്ടാനകളെ തിരഞ്ഞ ആർ.ആർ.ടി സംഘത്തിന് കാട്ടാനകളെ കണ്ടെത്താനായിരുന്നില്ല. ഉച്ചകഴിഞ്ഞ് കുങ്കിയാനകളെ പാർപ്പിക്കുന്നിടത്ത് എത്തിച്ച് വിശ്രമിക്കുന്നതിനിടെയാണ് പട്ടികൾ കുരക്കുന്നത് കേട്ടത്. കാട്ടാനയെ കണ്ടിട്ടാകാം പട്ടികൾ കുരക്കുന്നതെന്ന നിഗമനത്തിൽ ഹുസൈൻ ഉൾപ്പെടെയുള സംഘം തേക്ക് തോട്ടത്തോട് ചേർന്ന വനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് കാട്ടാന ഓടിയടുത്തത്. സംഘം ചിതറി ഓടി. ഓട്ടത്തിനിടെ ഹുസൈനെ തുമ്പിക്കെ കൊണ്ട് അടിച്ചു. താഴെ വീണ ഹുസൈനെ ആന കുത്താൻ ശ്രമിച്ചതായും വിദഗ്ദ്ധമായി ഒഴിഞ്ഞു മാറിയതായും സഹപ്രവർത്തകർ പറയുന്നു.

തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീണ ഹുസൈനെ വനപാലകർ ആദ്യം വേലൂപാടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹുസൈനെ കൊവിഡും പിടികൂടിയതാണ് സ്ഥിതി സങ്കീർണമാക്കിയത്. അതുവരെ ഹുസൈൻ അപകടനില തരണം ചെയ്തുവെന്ന വാർത്തയാണ് ആശുപത്രി അധികൃതരിൽ നിന്നും വനപാലകർക്ക് ലഭിച്ചിരുന്നത്. മാതാപിതാക്കളും പറക്കമുറ്റാത്ത രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ ഹുസൈന്റെ വേർപാട് കുടുംബത്തെ അനാഥമാക്കി.

താത്കാലിക ജീവനകാരനായതിനാൽ ആശ്രിതർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിലും സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയാണ് സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമുള്ളത്. ഒരിക്കൽ വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ ഹുസൈന് പരിക്കേറ്റിരുന്നു. മറ്റൊരിക്കൽ കാട്ടാനയെ കാടുകയറ്റാൻ പടക്കം പൊട്ടിക്കുമ്പോൾ കയ്യിലിരുന്ന് പൊട്ടി പരിക്കേറ്റു. വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ കിണറ്റിൽ വീഴുന്ന പന്നി, മാൻ എന്നിവയെ കിണറ്റിൽ നിന്നും കയറ്റുന്ന രക്ഷാദൗത്യത്തിലും മുന്നിലുണ്ടായിരുന്നു. ഹുസൈൻ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നാട്ടിൽ ഫയർഫോഴ്‌സ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ പല രക്ഷാദൗത്യങ്ങളിലും ഹുസൈൻ പങ്കാളിയായിട്ടുണ്ട്. ഇങ്ങനെയാണ് വനം വകുപ്പിലെ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് ഹുസൈനെ വനം വകുപ്പിൽ താത്കാലിക വാച്ചർ ജോലിയിൽ എത്തിച്ചത്. കാട്ടാന, പുലി എന്നിവ ജനവാസ കേന്ദ്രങ്ങളിൽ ശല്യമുണ്ടാക്കുമ്പോൾ നാട്ടുകാരുടെ സംരക്ഷണത്തിനിറയുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിലെത്തിയതും ഹുസൈന്റെ സാഹസികത കൊണ്ടായിരുന്നു. ജോലി തിരക്കിനിടയിലും തന്റെ നാട്ടിലുള്ള എന്റെ മുക്കം എന്ന സന്നദ്ധ സംഘടനയിലെ പ്രവർത്തനത്തിലും സജീവമായിരുന്നു.