 
തൃശൂർ: തെരുവുനായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ കാര്യക്ഷമമാക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ഏഴിന് ഓൺലൈൻ യോഗം ചേരും. ജില്ലയിലെ എം.എൽ.എമാർ, കളക്ടർ ഹരിത വി. കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തെരുവുനായ നിയന്ത്രണ തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാരുടെ യോഗം ചേർന്നു. പഞ്ചായത്ത് തലത്തിൽ അടിയന്തരയോഗം വിളിക്കാനും വാക്‌സിനേഷൻ ഡ്രൈവ് കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം നിർദ്ദേശം നൽകി.
വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ നായകൾക്കുള്ള വാക്‌സിൻ പ്രവർത്തനം ഊർജിതമാക്കാൻ യോഗം നിർദ്ദേശിച്ചു. തെരുവ് നായകൾക്കും ഉപേക്ഷിക്കപ്പെട്ട നായകൾക്കുമുള്ള അഭയകേന്ദ്രം ഒരുക്കുന്നതിനു വേണ്ട സജ്ജീകരണങ്ങളും യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.