പേരാമംഗലം: നാലുവരിപ്പാതയിലെ രണ്ടുവരിപ്പാലത്തിൽ നടപ്പാതയിലെ സ്ലാബ് തകർച്ചയും പൈപ്പ് പൊട്ടലും ദുരിതം ഏറ്റുന്നു. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ അമല നഗറിലെ റെയിൽവേ പാലത്തിനാണ് ഈ ദുരവസ്ഥ. നാലുവരിപ്പാതയിലെ രണ്ടുവരി വീതി മാത്രമുള്ള പാലത്തിലൂടെ തിങ്ങിനിരങ്ങി വാഹനങ്ങൾ പോകുന്നതിനിടെയാണ് ദുരിതം കൂട്ടുന്ന ഈ അവസ്ഥ. റെയിൽവേ മേൽപ്പാലത്തിന്റെ നടപ്പാതയുടെ ഇടത് ഭാഗത്തെ (തൃശൂരിലേക്ക് പോകുമ്പോൾ) മൂന്ന് സ്ലാബുകളാണ് ആഴ്ചകളോളമായി തകർന്ന് കിടക്കുന്നത്. രാത്രിയിൽ ഏതോ വാഹനം കയറി തകർന്നതാകാമെന്നാണ് നിഗമനം. മാസങ്ങൾക്ക് മുമ്പ് ഏതോ വാഹനം വന്നിടിച്ച് പാലത്തിനടിയിലേക്ക് വീഴാറായി നിൽക്കുന്ന പാലത്തിന്റെ തകർന്ന കൈവരികൾക്ക് സമീപമാണ് സ്ലാബ് തകർച്ചയും. ഇതിനിടെ പാലത്തിന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പോകുന്നതും ദുരിതം സൃഷ്ടിക്കുന്നു. പാലത്തിന് സമീപം നടപ്പാത അവസാനിക്കുന്നിടത്താണ് ആഴ്ചകളായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. പാഴാകുന്ന വെള്ളം മുഴുവൻ പാലത്തിലൂടെ ഒഴുകുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ വസ്ത്രങ്ങളിലേക്ക് ചളി തറിക്കുന്നതും പതിവാകുകയാണ്. സംസ്ഥാനപാതയായ നാലുവരിപ്പാതയിലെ രണ്ടുവരിയിലുള്ള പാലത്തിൽ തെരുവ് വിളക്കുകകൾ കത്തിക്കാത്തത് മൂലമുള്ള രാത്രികാലങ്ങളിലെ അപകടാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു.