കൊടുങ്ങല്ലൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ജില്ലയിലെ 31 കോളേജുകളിൽ നിന്നും 1,000 എൻ.എസ്.എസ് വോളണ്ടിയർമാരെ പങ്കെടുപ്പിച്ച് തീരദേശ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. 17ന് രാവിലെ 8 മുതൽ 11.30 വരെ സ്വച്ഛ് സാഗർ അഭിയാൻ 2022 നടപ്പാക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. എസ്.എൻ പുരം, മതിലകം, എടവിലങ്ങ് എന്നീ പഞ്ചായത്തുകളിലെ 11 വാർഡുകളിലെ ഒമ്പത് കിലോമീറ്റർ ദൂരമുള്ള തീരപ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

തുടർന്ന് അസ്മാബി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് ഇ.ടി. ടൈസൺ എം.എൽ.എ കൈമാറും. എസ്.എൻ പുരം പഞ്ചായത്തിലെ 1, 19, 20, 21 വാർഡുകളിൽ വിവിധ കോളേജുകളിൽ നിന്നുള്ള 450 എൻ.എസ്.എസ് വോളണ്ടിയർമാർ കർമ്മനിരതരാകും. മതിലകം പഞ്ചായത്തിലെ 16, 17 വാർഡുകളിൽ മുന്നൂറും എടവിലങ്ങിലെ 1, 12, 13, 14 വാർഡുകളിൽ 250 ഉം വോളണ്ടിയർമാരുടെ സേവനം ലഭിക്കും. വാർത്താ സമ്മേളനത്തിൽ എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ. എ. ബിജു, ഡോ. പ്രിൻസി ഫ്രാൻസിസ്, ഡോ. ഇ.ബി. അൻസാർ, റാമി മുഹമ്മദ്, പി.യു. ഷെബീന എന്നിവർ പങ്കെടുത്തു.