തൃശൂർ: നട്ടെല്ലിൽ തുറന്ന ശസ്ത്രക്രിയയ്ക്ക് പകരം നടത്തുന്ന താക്കോൽ ദ്വാര ശസ്ത്രക്രിയയായ മിനിമൽ ഇൻവേസീവ് സ്‌പൈനൽ സർജറി ഗവ.മെഡിക്കൽ കോളേജ് എല്ലു രോഗവിഭാഗത്തിൽ തുടങ്ങി. മുകളിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയായ യുവാവിനാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ ശരാശരി മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് നടത്തിയത്. തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് രോഗിക്ക് എളുപ്പത്തിൽ സുഖം പ്രാപിക്കാനും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാനും കഴിയും. എല്ലുരോഗ വിഭാഗം മേധാവി ഡോ. വി. രവികുമാറിന്റെ നേതൃത്വത്തിൽ ഡോ. പി.ജെ. ജേക്കബ്, ഡോ.സമീൻ, ഡോ. നിഹാൽ, ഡോ. സക്കറിയ, ഡോ.അശ്വിൻ, ഡോ.ജിഷാൻ അലി, ഡോ.രമണി, ഡോ. ഷിജിൻ,ഡോ. മെറിൻ തുടങ്ങിയവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.