news-photo-
ഗുരുവായൂരിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകുന്നു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകി തുടങ്ങി. ആദ്യ ദിനം വാക്‌സിൻ നൽകിയത് അമ്പത് തെരുവുനായ്ക്കൾക്കാണ്. ഇന്നലെ രാവിലെ എട്ടിന് ഗുരുവായൂർ നഗരസഭ ഇന്ദിരാഗാന്ധി ടൗൺഹാൾ പരിസരത്ത് നിന്നുമാണ് തെരുവുനായ്ക്കൾക്ക് വാക്‌സിൻ നൽകി തുടങ്ങിയത്. ഒരുമാസം നീളുന്ന കുത്തിവയ്പ് പ്രക്രിയയിൽ നഗരസഭാ പരിധിയിലെ അലഞ്ഞു നടക്കുന്ന മുഴുവൻ തെരുവ് നായ്ക്കൾക്കും കുത്തിവയ്പ് നടത്തും. തൃശൂർ ഡോഗ് കാച്ചിംഗ് സ്‌ക്വാഡ് സുനിത അമ്പാടിയുടെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് നായ്ക്കളെ പിടികൂടുന്നത്. ഡോഗ് കാച്ചിംഗ് സ്‌ക്വാഡിനൊപ്പമുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതരാണ് നായ്ക്കളെ പിടികൂടുന്ന സ്ഥലത്ത് വച്ച് തന്നെ കുത്തിവയ്പ് നടത്തുന്നത്. നായ്ക്കളെ കുത്തിവയ്പിനായി പിടിച്ച സ്ഥലത്തുതന്നെയാണ് കുത്തിവയ്പിന് ശേഷം ഇറക്കിവിടുന്നത്. ഒരു ദിവസം 30 നായ്ക്കൾക്ക് കുത്തിവയ്പ് നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 നായ്ക്കൾക്കാണ് കുത്തിവയ്പ് നടത്തിയത്. കുത്തിവയ്പ് നടത്തിയ നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേക നിറമുള്ള കളർ ഉപയോഗിച്ച് അടയാളവും രേഖപ്പെടുത്തുന്നുണ്ട്. ഇത് ഒരു വർഷം വരെ മായാതെ നിൽക്കും. വാക്‌സിൻ കുത്തിവയപ് നാളെയും തുടരും. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. എസ്. മനോജ്, വെറ്ററിനറി ഡോക്ടർമാരായ കെ. വിവേക്, അമൃത ജേക്കബ്, അഷറഫ് അബ്ദുൾ റഹ്മാൻ എന്നിവർ സംബന്ധിച്ചു.