ചാലക്കുടി: മുൻസിഫ് കോടതിയുടെ ഇടപെടൽ ഉണ്ടായതോടെ വിവാദമായ ചാലക്കുടി പള്ളിക്കനാൽ പുറമ്പോക്കിലെ വീട് ഒഴിപ്പിക്കൽ അടുത്ത ആഴ്ചയിലേയ്ക്ക് നീളും. ഒഴിപ്പിക്കലിനെതിരെ താമസക്കാരായ സോൾബി സുനിൽ, ഭർത്താവ് സുനിൽ ജോർജ് എന്നിവർ അഡ്വ. സൂരജ് മുഖേന സമർപ്പിച്ച അന്യായത്തിന്മേൽ ചാലക്കുടി മുൻസിഫ് കോടതി ഇഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച വാദം കേൾക്കുന്ന ഈ മാസം 17 വരെ തുടർനടപടികൾ ഉണ്ടാകരുതെന്നാണ് മുൻസിഫ് എം.ടി. തരിയച്ചന്റെ നിർദ്ദേശം. തങ്ങൾ താമസിക്കുന്ന വീട് പൊളിക്കുമെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി പതിപ്പിച്ചിരിക്കുന്ന നോട്ടീസ് അന്യായമാണെന്നാണ് ഹർജിക്കാരുടെ വാദം. ഹൈക്കോടതി ഉത്തരവ് പ്രകാരം വീട് പൊളിക്കുമെന്നാണ് നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്നതെന്നും ഇതു തെറ്റാണെന്നുമാണ് സുനിൽ ജോർജിന്റെ വാദം. തങ്ങൾ നൽകിയിരുന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പകരം മറ്റൊരു വീട് നൽകിയെന്ന് നഗരസഭ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ്. സുനിൽ ജോർജ് പറയുന്നു. ഇതു ബോദ്ധ്യപ്പെടുത്തുന്നതിനും കൂടിയാണ് മുൻസിഫ് കോടതിയെ സമീപിച്ചതെന്നും വീട്ടുകാർ പറഞ്ഞു.