1


തൃശൂർ: ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവത് മൂന്നു ദിവസം ജില്ലയിൽ. ഇന്ന് രാവിലെ എറണാകുളം ആർ.എസ്.എസ് പ്രാന്ത കാര്യലയത്തിൽ മുതിർന്ന നേതാവ് ആർ. ഹരിയെ സന്ദർശിച്ച ശേഷമാണ് തൃശൂരിലെത്തുക. തുടർന്ന് മൂന്നു ദിവസം തുടർച്ചയായ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

സംസ്ഥാനത്തെ ആർ.എസ്.എസ് പ്രചാരകൻമാർ, ജില്ലാ, സംസ്ഥാന ചുമതല വഹിക്കുന്നവർ എന്നിവരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. കൂടാതെ പല പ്രമുഖരുമായി ചർച്ച നടത്തും. പ്രമുഖ ചലച്ചിത്ര നടൻമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു. സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവർ എത്തുമെന്നാണ് വിവരം.

ഞായറാഴ്ച വൈകിട്ട് ആർ.എസ്.എസ് ഗുരുവായൂർ ജില്ലാ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും മോഹൻ ഭഗവത് പങ്കെടുക്കും. സംസ്ഥാനത്തെ ബി.ജെ.പി ഉൾപ്പടെയുള്ള സംഘപരിവാർ നേതാക്കളും ആർ.എസ്.എസ് തലവനെ സന്ദർശിക്കും. ആർ.എസ്.എസ് നേതാവിന്റെ സന്ദർശനം പ്രമാണിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.