
പട്ടിക്കാട്: പട്ടത്തിപ്പാറ നിന്നുകുഴിയിലെ പന്നിഫാം ഉടമ ബാലക്യഷ്ണനെ (54) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മറ്റൊരു പന്നി ഫാം ഉടമ തൊട്ടിപ്പാൾ പുളിക്കൽ വീട്ടിൽ സുരേന്ദ്രൻ (61)നെ പീച്ചി പൊലീസ് പിടികൂടി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഫാമിലേക്കുള്ള റോഡിലെ കുഴികൾ ബാലകൃഷ്ണനും മറ്റൊരു തൊഴിലാളിയുമായി ചേർന്ന് കല്ലിട്ട് മുടുന്നതിനിടയിലാണ് സുരേന്ദ്രൻ പുറകിലൂടെ വന്ന് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീക്കൊളുത്തിയത് എന്ന് പൊലീസ് പറയുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച ബാലകൃഷ്ണന്റെ തലയിൽ കച്ച്‌ക്കൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നു. കൈയിലും കഴുത്തിലും വയറ്റിലുമായി അമ്പത് ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേന്ദ്രന്റെ ഫാമിലെ പന്നികളിൽ എഴ് എണ്ണത്തിനെ കാണാതായതിന് പിന്നിൽ ബാലകൃഷ്ണനാണ് എന്ന സംശയമാണ് ആക്രമണത്തിന് കാരണം എന്ന് പറയുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ മുമ്പ് തർക്കം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഒഫീസർ കെ.സി. ബൈജുവിന്റെ നേത്യത്വത്തിൽ എസ്.ഐ: ഹരി, സി.പി.ഒ: രഞ്ജിത്ത്, മഹേഷ്, വിഷ്ണു സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ പ്രതി.