ഗുരുവായൂർ: കേന്ദ്ര സർക്കാർ രാജ്യം വിറ്റുതുലയ്ക്കുന്നുവെന്നാരോപിച്ച് സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സമിതി അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഉണ്ടയും പഴംപൊരിയും തിന്ന വാർത്തയല്ലാതെ ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ രാഹുൽ ഗാന്ധി ജാഥയിൽ ഒന്നും പറഞ്ഞതായി കേൾക്കുന്നില്ലെന്ന് സ്വരാജ് പറഞ്ഞു. രാഹുൽ മോദിയുടെ മന്ത്രിസഭയിലെ അംഗമായാലും അത്ഭുതപ്പെടാനില്ല. തങ്ങൾക്കിഷ്ടമില്ലാത്തവരെ തുടച്ചു നീക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ആദ്യപടിയാണ് പൗരത്വബില്ല്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും സ്വരാജ് പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബേബി ജോൺ, ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എം.എൽ.എമാരായ മുരളി പെരുനെല്ലി, എൻ.കെ. അക്ബർ, നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ്, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, സി. സുമേഷ്, ടി.കെ. വാസു, പി.എം. അഹമ്മദ്, എം.എ. ഹാരിസ് ബാബു, സി.കെ. വിജയൻ എന്നിവർ സംസാരിച്ചു.