 
തൃശൂർ: തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കളക്ടർ കോ - ചെയർമാനുമായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡലം തലത്തിൽ യോഗങ്ങൾ ചേരുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നോഡൽ ഓഫീസർമാരെ നിയോഗിച്ചു.
ജില്ലയിൽ 6382 നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. 698 വാർഡുകളിലായി 70 വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. 16 പഞ്ചായത്തുകളിൽ ഈ മാസം തന്നെ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിക്കും. ആളൂർ പഞ്ചായത്ത് 23 വാർഡുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തി.
2022 - 23 വർഷത്തിൽ 3167 നായകൾക്കാണ് പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് അനുവദിച്ചത്. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് പ്രാദേശിക തലത്തിൽ അടിയന്തര കർമ്മ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വാക്സിനേഷൻ ഡ്രൈവ്, ശുചീകരണ യജ്ഞം എന്നിവയും നടത്തും.
മുന്നിൽ ചേലക്കര
ചേലക്കര പഞ്ചായത്ത് 355 നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കുത്തിവയ്പ് നൽകിയതും ചേലക്കര പഞ്ചായത്താണ്.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വനിതാ കണ്ടക്ടർക്ക് തെരുവുനായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ ഡിപ്പോയിലെ തിരുവള്ളൂർ കളപ്പുരയ്ക്കൽ രമേശിന്റെ ഭാര്യ പി.എസ്. സരിതയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും രാവിലെ ആരംഭിച്ച സർവീസ് കൊടുങ്ങല്ലൂരിൽ അവസാനിച്ചതിനുശേഷം ബസിൽ ഉണ്ടായിരുന്ന പാർസൽ ഓഫീസിൽ ഏൽപ്പിക്കാൻ വരുന്നതിനിടെയാണ് കടിയേറ്റത്.
ഡിപ്പോയിലുള്ള ബെഞ്ചിനടിയിൽ ഉറങ്ങുകയായിരുന്ന നായയെ അറിയാതെ ചവട്ടിയതിനെ തുടർന്നാണ് സരിതയുടെ കാൽപാദത്തിൽ കടിച്ചത്. നിലവിളി കേട്ട് മറ്റ് ജീവനക്കാർ എത്തി ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രതിരോധ കുത്തിവയ്പുകൾ നടത്തി. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാരുടെ സംരക്ഷണയിൽ കഴിയുന്ന നായയാണ് വനിതാ കണ്ടക്ടറെ കടിച്ചത്. ഇവിടെ ഇത്തരത്തിൽ മൂന്ന് നായകൾ ഉണ്ടെന്ന് പറയുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കുറുനരി കയറി ഇവിടെ തമ്പടിച്ചിരുന്ന തെരുവുനായയെ ആക്രമിച്ച് ഭീതി പരത്തിയ സംഭവവും ഒരു മാസം മുമ്പ് ഉണ്ടായിരുന്നു.