ചേർപ്പ്: മേഖലയിൽ വഴിയോര കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ചേർപ്പിൽ സാധന സാമഗ്രികൾ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പുറത്തേയ്ക്ക് എടുത്തുവച്ച് പ്രതിഷേധ സമരം നടത്തി. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച സമരം വൈകിട്ട് വരെ നീണ്ടു. ചേർപ്പ്, ഊരകം, പടിഞ്ഞാട്ടുമുറി, പൂച്ചിന്നിപ്പാടം, പെരുമ്പിള്ളിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ഞൂറോളം കടക്കാർ പ്രതിഷേധ സമരത്തിൽ പങ്കാളികളായി.

സമിതി ഭാരാവാഹികളായ കെ.കെ. ഭാഗ്യനാഥൻ, ജോൺസൺ ചിറമ്മൽ, കെ.പി. വർഗീസ്, കെ.വി. ജോസ്, പ്രദീഷ് പോൾ, നിഷോൺ, നൈസൺ, വിമൽ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം മേഖലയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധ വിളംബര ജാഥ നടത്തിയിരുന്നു. വർദ്ധിച്ചുവരുന്ന അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.