ഗുരുവായൂർ: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണത്തിന് എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയനിൽ ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മുതൽ അഞ്ച് ദിവസങ്ങളിലായാണ് സമാധിദിനാചരണം സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ 6ന് ഗുരുപൂജയോടെയാണ് സമാധിദിനാചരണത്തിന് തുടക്കമാകുക. ദിവസവും രാവിലെ 10 ന് നടക്കുന്ന സമാദരണ സദസിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ഇന്ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തും. നാളെ എസ്.എൻ.ഡി.പി യോഗം കൗൺസിലർ ബേബിറാമും യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേഷ് അടിമാലിയും സൈക്കോളജിസ്റ്റും കൗൺസിലിംഗവുമായ ജോയ് ചീരനും പങ്കെടുക്കും. 19ന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ.ആർ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ പ്രഭാഷണം നടത്തും. 20ന് ശിവഗിരിമഠത്തിലെ ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ സർവൈശ്വര്യപൂജ, ഭജൻ സന്ധ്യ, ഭക്തിപ്രഭാഷണം എന്നിവ നടക്കും. 21ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ ടീച്ചർ ഉദ്ഘാടനവും അനൂപ് വൈക്കം പ്രഭാഷണവും നടത്തും. കൂടാതെ ശാഖാ പ്രവർത്തനത്തിൽ 25 വർഷം പൂർത്തിയാക്കിയ ശാഖാ ഭാരവാഹികളേയും എസ്.എസ്.എൽ.സി, പ്ലസ് ടു തലത്തിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളേയും ഉന്നതവിദ്യാഭ്യാസത്തിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും പൂക്കള മത്സരവിജയികളേയും കാർഷികമേഖലയിൽ മികവ് തെളിയിച്ച കർഷക പ്രതിഭകളേയും ഗുരുദേവ കൃതികളുടെ ആലാപന മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികളേയും ആദരിക്കലും നടക്കും. 21ന് നടത്തുന്ന ശാന്തിഹവനം, ശാന്തിഗീതം, സമർപ്പണ പൂജ എന്നിവയ്ക്കുശേഷം നഗരം ചുറ്റി ശാന്തിയാത്രയും നടത്തും. വാർത്താസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ, സെക്രട്ടറി പി.എ. സജീവൻ, ഭാരവാഹികളായ എം.എ. ചന്ദ്രൻ, എ.എസ്. വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽകുമാർ, കെ.കെ. രാജൻ തുടങ്ങിയവർ സംബന്ധിച്ചു.