ഗുരുവായൂർ: ശബരിമല സീസണിൽ ലക്ഷോപലക്ഷം വരുന്ന തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയും ദേവസ്വവും അനാസ്ഥ കാണിക്കരുതെന്ന് എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ആവശ്യപ്പെട്ടു. ഗുരുവായൂരിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ എത്രയും വേഗം നന്നാക്കി ദുരിതം ഒഴിവാക്കണമെന്നും വരുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ ദേവസ്വവും ഭരണകൂടവും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഗുരുവായൂർ യൂണിയൻ ഓഫീസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സെക്രട്ടറി പി.എ. സജീവനാണ് പ്രമേയത്തിലൂടെ വിഷയം അവതരിപ്പിച്ചത്. യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ, ബോർഡംഗങ്ങളായ എ.എസ്. വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽകുമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സി.എ. സുഗതൻ, പി.വി. ഷൺമുഖൻ, ടി.വി. ഗോപി, വനിതാസംഘം ഭാരവാഹികളായ രമണി ഷൺമുഖൻ, ഷൈലജ കേശവൻ, കൗൺസിലർമാരായ കെ.കെ. രാജൻ, ഇ.ഐ. ചന്ദ്രൻ, കെ. പ്രധാൻ, കെ.കെ. പ്രതീഷ്, പി.കെ. മനോഹരൻ, ടി.വി. രാമചന്ദ്രൻ, കെ.ജി. ശരവണൻ എന്നിവർ സംസാരിച്ചു.