കരുമത്രയിലെ വ്യാപാര സ്ഥാപനത്തിന് പിറകിൽ പ്രസവിച്ച് കിടക്കുന്ന തെരുവുനായ്ക്കൾ.
വടക്കാഞ്ചേരി: ദിനംപ്രതിയെന്നോണം പെറ്റ് പെരുകുന്ന തെരുവുനായ്ക്കൾ ജനജീവിതത്തിന് ഭീഷണിയാവുന്നു. തെക്കുംകര പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കരുമത്രയിലെ ഒരു വ്യാപാര സ്ഥാപനത്തിനടുത്ത് രണ്ടു നായ്ക്കൾ പ്രസവിച്ച് കിടപ്പുണ്ട്. ഇവയുടെ പതിനാറോളം കുട്ടികളാണ് ഇവിടെയുള്ളത്. പുന്നംപറമ്പ് സെന്ററിലും തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണ്. മത്സ്യ മാംസവുമായി സഞ്ചരിക്കുന്നവരുടെ പിറകെ നായ്ക്കൾ പോകുന്ന അവസ്ഥയുമുണ്ട്. ബൈക്കിൽ യാത്ര ചെയ്യുന്നവരുടെ പിറകെയും തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിയെത്തുകയാണ്. നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടും പഞ്ചായത്ത് അധികൃതർ നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്. നേരത്തെ തെരുവുനായ്ക്കൾ ആളുകളെ അക്രമിച്ച സംഭവത്തിന് ശേഷം നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ അറിയിച്ചിരുന്നുവെങ്കിലും നടപടികൾ പേരിലൊതുങ്ങി.