ssssപെരിങ്ങോട്ടുകര - കാഞ്ഞാണി റോഡ് കളക്ടർ ഹരിത വി. കുമാർ, സി.സി. മുകുന്ദൻ എം.എൽ.എ എന്നിവർ പരിശോധിക്കുന്നു.

അന്തിക്കാട്: പെരിങ്ങോട്ടുകര - കാഞ്ഞാണി റോഡിന്റെ അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന്

കളക്ടർ ഹരിത വി. കുമാർ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായെന്ന് റോഡ് സന്ദർശിച്ച ശേഷം കളക്ടർ പറഞ്ഞു.

സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. റോഡിൽ 23 കിലോമീറ്ററിലുള്ള പൈപ്പിടൽ പ്രവൃത്തിയിൽ ഒന്നര കിലോ മീറ്ററാണ് ഇനി ബാക്കിയുള്ളത്. അമൃത് പദ്ധതിയുടെയും കിഫ്ബിയുടെയും പൈപ്പിടുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ജൽജീവൻ പദ്ധതിയുടെ കുടിവെള്ള വിതരണത്തിനായുള്ള ഡിസ്ട്രിബ്യൂഷൻ പൈപ്പുകൾ ഇടുന്ന പ്രവൃത്തികളും സമയബന്ധിതമായി പൂർത്തീകരിക്കും.

ഇതിനുള്ള നടപടികൾ കൂടിയാലോചിച്ച് തീരുമാനിക്കും. വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും സംയുക്തമായി ചേർന്ന് പ്രവൃത്തികൾ സംബന്ധിച്ചുള്ള ഷെഡ്യൂൾ തയ്യാറാക്കും. റോഡ് യാത്രായോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ ഉറപ്പുനൽകി. പ്രവൃത്തികൾ വിലയിരുത്താൻ ഉദ്യോഗസ്ഥർ നേരിട്ടെത്താത്തത് വീഴ്ചയാണെന്നും ഇതിൽ നടപടിയുണ്ടാകുമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും കളക്ടർ പറഞ്ഞു.

മഴ മാറിയാൽ ഉടൻ കുഴിയെടുത്ത സ്ഥലത്ത് റീസ്റ്റോറേഷൻ പ്രവൃത്തികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിൽ ടാർ ചെയ്ത ശേഷം കുഴി രൂപപ്പെട്ട സ്ഥലലങ്ങളിൽ ജി.എസ്.പി വെറ്റ്മിക്‌സ് ഇട്ടാണ് അടയ്ക്കുന്നത്. ഇതിനുള്ള പ്രവൃത്തി ആരംഭിച്ചു. പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്റർ മുതൽ അന്തിക്കാട് വരെയുള്ള റോഡിന്റെ പ്രവൃത്തികൾ കളക്ടർ വിലയിരുത്തി.


റോഡിന്റെ പ്രവൃത്തികൾ കൃത്യമായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്കായി നിയമസഭയിൽ സമ്മർദ്ദം ചെലുത്തുമെന്നും ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ,

താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, ജല അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.