ചാലക്കുടി: പദ്മഭൂഷൺ കുഴൂർ നാരായണ മാരാരുടെ സ്മരണാർത്ഥം പദ്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് ഇത്തവണ പ്രമുഖ കൊമ്പുവാദകൻ മച്ചാട്ടു ഉണ്ണി നായർ അർഹനായി. 55555 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സെപ്തംബർ 24ന് കൊരട്ടിയിൽ നടക്കുന്ന ചടങ്ങിൽ നിയമ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പുരസ്‌കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ആറരപ്പതിറ്റാണ്ടായി കൊമ്പുവാദ്യത്തിൽ നിറഞ്ഞു നിൽക്കുന്ന ഉണ്ണിനായർ കേരളത്തിലെ പ്രശസ്തനായ കലാകാരനാണ്. സംസ്ഥാന സർക്കാരിന്റെ പല്ലാവൂർ പുരസ്‌കാരം മാറ്റിനിറുത്തിയാൽ ഇത്രയും തുക സമ്മാനിക്കുന്ന മറ്റൊരു പുരസ്‌കാര സമർപ്പണം നിലവിലില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് 3ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.എൻ. പരമേശ്വരൻ നമ്പൂതിരി അദ്ധ്യക്ഷനാകും. സോപാന സംഗീതം, മേളം, തായമ്പക, പഞ്ചവാദ്യം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. കൊരട്ടി പഞ്ചായത്ത് ലൈബ്രറി, കൊരട്ടി സമത സാംസ്‌കാരിക വേദി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജനറൽ സെക്രട്ടറി എം.എൻ.എസ്. നായർ, സെക്രട്ടറി അന്നമനട മുരളീധര മാരാർ, സമത സെക്രട്ടറി ജയരാജ് ആറ്റപ്പാടം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.