തിരുവില്വാമല: പാമ്പാടി നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന്റെ ഭാഗമായി നൽകിവരുന്ന നാഗരാജ പുരസ്‌കാരം 2022 സെപ്തംബർ 21ന് നൽകുമെന്ന് പാമ്പാടി നാഗരാജ ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. സംഗീതജ്ഞൻ വിദ്യാദരൻ മാസ്റ്റർ, ഘടം വിദ്വാൻ തൃപ്പൂണിത്തറ രാധാകൃഷ്ണൻ, പഞ്ചവാദ്യ സാരഥി പരയ്ക്കാട് തങ്കപ്പൻ മാരാർ, ബാലചികിത്സകൻ മേഴത്തൂർ ഗംഗാധര വൈദ്യർ എന്നിവർക്കാണ് ഈ വർഷത്തെ നാഗരാജ പുരസ്‌കാരങ്ങൾ നൽകുന്നത്. പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് നാഗരാജ സംഗീതോത്സവം, കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ എന്നിവയും നടക്കും. 22ന് നടക്കുന്ന ആയില്യ പൂജ ദിവസം വിശേഷാൽ ആയില്യ പൂജയും 1108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം, സോപാന സംഗീതം, ഭക്തിപ്രഭാഷണം , ഗരുഡഗർവഭംഗം ഓട്ടൻതുള്ളൽ, ഭഗവത് സേവ, ദീപാരാധന, സർപ്പംപാട്ട് എന്നിവ നടക്കും. 23ന് മകം തൊഴൽ, കൂട്ടായ സർപ്പബലി മഹായജ്ഞം, മഹാപായസ ഹോമം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, സോപാന സംഗീതം, നാദസ്വരകച്ചേരി, കിരാതം ഓട്ടൻതുള്ളൽ, പഞ്ചവാദ്യം എന്നിവയും നടക്കുമെന്ന് നാഗരാജ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ അഡ്വ. കെ.ആർ. ഗിരി അയ്യർ, സംഗീതോത്സവം കോ-ഓർഡിനേറ്റർ കലാതിലകം അഡ്വ. മീര അയ്യർ, മേൽശാന്തി പി. ഗോപകുമാർ, ക്ഷേത്ര കലാവാദ്യസംവിധായകൻ തിരുവില്വാമല ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.