തൃശൂർ: ജില്ലയിലെ നിരത്തുകളിൽ നിയമം തെറ്റിച്ച് പായുന്ന ബസുകൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. ഉയർന്നുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുമായി പരിശോധന നടത്താൻ ഒരുങ്ങുകയാണ് വകുപ്പ്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ 19 മുതൽ 23 വരെയാണ് സ്വകാര്യ ബസുകളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്. ഉയർന്ന ശബ്ദത്തിൽ ഹോൺ മുഴക്കുക, അപകടകരമായും അമിത വേഗതയിലും വാഹനം ഓടിക്കുക, യാത്രക്കാർക്ക് ടിക്കറ്റ് നിരസിക്കുക, കുട്ടികളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.
ട്രാൻസ്‌പോർട്ട് കമ്മിഷണർ ശ്രീജിത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലയിലും പരിശോധന നടത്തുന്നത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. നിയമാനുസൃതമല്ലാത്ത എയർഹോൺ, മ്യൂസിക് സിസ്റ്റം എന്നിവ 19ന് മുൻപായി ബസുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.