എട്ടുമന ചിറക്കുഴി പാലത്തിൽ പൈപ്പ് പൊട്ടി ജലം ഒഴുകുന്നു
ചേർപ്പ്: പഞ്ചായത്ത് പതിമൂന്നാം വാർഡിലെ എട്ടുമന ചിറക്കുഴി പാലത്തിന് സമീപം ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നതായി പരാതി.
കുടിക്കാൻ ഒരിറ്റു വെള്ളത്തിനായി ജനങ്ങൾ വലയുമ്പോഴാണ് ജല അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയെന്ന് സമീപവാസികൾ ആരോപിച്ചു. പലതവണ ജല അതോറിറ്റി അധികൃതരോട് വിവരം അറിയിച്ചിട്ടും നടപടിയായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തോളമായി പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസേന പാഴാകുന്നത്. ഫിൽറ്റർ ചെയ്ത് വിതരണത്തിന് തയ്യാറാക്കുന്ന വെള്ളം നഷ്ടപ്പെടുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും സംഭവിക്കുന്നുണ്ട്. ഓരോ ദിവസവും പൈപ്പിൽ നിന്ന് ജലം പുറത്തേക്ക് വരുന്നതിന്റെ ശക്തി വർദ്ധിച്ചുവരികയാണ്. ഇതനുസരിച്ച് പാലത്തിന്റെ വശത്തുള്ള മണ്ണൊലിച്ച് പോകുന്ന സ്ഥിതിയുമുണ്ട്. പാലത്തിന് മുകളിലൂടെ ജലം ശക്തമായി ഒഴുകിന്നതിനാൽ ഇതുവഴി പോകുന്ന വാഹന, വഴി യാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുമുണ്ട്. ശക്തമായി യാത്രക്കാരുടെ ശരീരത്തിലേക്ക് ജലം പ്രവഹിക്കുന്നത് അപകടത്തിനും കാരണമായേക്കാം. എത്രയും വേഗം പൈപ്പ് ശരിയാക്കി കുടിവെള്ള വിതരണം സുഗമമാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.