പുതുക്കാട്: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പിള്ളി യൂണിയനിൽപ്പെട്ട ശാഖാ സെക്രട്ടറിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കുകയും പീത പതാകയെ അപമാനിക്കുകയും ചെയ്ത കരുനാഗപിള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നടപടിയിൽ എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ പ്രതിഷേധിച്ചു. യൂണിയൻ മന്ദിരത്തിൽ നടന്ന യൂണിയൻ കൗൺസിലിന്റെയും പോഷക സംഘടനാ ഭാരവാഹികൾ, മേഖലാ കൺവീനർമാർ എന്നിവരുടെ സംയുക്ത യോഗമാണ് സംഭവത്തിൽ പ്രതിഷേധിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.കെ. രവീന്ദ്രൻ, ഭാരവാഹികളായ കെ.ആർ. ഗോപാലൻ, എം.കെ. നാരായണൻ, അഭിലാഷ് പാറമേൽ, അഡ്വ. എം.ആർ. മനോജ്കുമാർ എന്നിവർ സംസാരിച്ചു.