പേരാമംഗലം: അമല നഗർ റെയിൽവേ മേൽപ്പാലത്തിന്റെ ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയിൽ നടപടി. പാലം നടപ്പാതയിലെ തകർന്ന സ്ലാബുകൾ നീക്കിത്തുടങ്ങി. തകർന്ന സ്ലാബുകൾക്ക് പകരം അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ സ്ലാബുകൾ സ്ഥാപിക്കും. നടപ്പാതയ്ക്ക് സമീപം പൈപ്പ് പൊട്ടി പാലത്തിലൂടെ കുടിവെള്ളം പോകുന്നത് മൂലമുണ്ടാകുന്ന ദുരിതം പരിഹരിക്കാനും ശ്രമം തുടങ്ങി. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. തൃശൂർ-കുറ്റിപ്പുറം നാലുവരി വീതിയുള്ള സംസ്ഥാനപാതയിലെ രണ്ടുവരിപ്പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. നടപ്പാതയിലെ സ്ലാബുകൾ തകർന്നതും പൈപ്പ് പൊട്ടി പാലത്തിന് മുകളിലെ വെള്ളം പോകുന്നതും മൂലം കാൽനടയാത്രികർക്കുണ്ടാകുന്ന ദുരിതം സംബന്ധിച്ച് കഴിഞ്ഞ ദിവസവും കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നതും നടപടിയുണ്ടാകുന്നതും.