എൻ.എസ്.എസ് വോളണ്ടിയർമാർ ശേഖരിച്ച മാലിന്യങ്ങൾ ഇ.ടി. ടൈസൺ എം.എൽ.എ ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറുന്നു.
കൊടുങ്ങല്ലൂർ: സ്വച്ഛ് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ തീരത്തെ മാലിന്യമുക്തമാക്കി. എം.ഇ.എസ് അസ്മാബി കോളേജ് പി. വെമ്പല്ലൂർ നാഷണൽ സർവീസ് സ്‌കീം യൂണിറ്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജില്ലയിലെ 31 കോളേജുകളിൽ നിന്നും എത്തിയ 1,000 എൻ.എസ്.എസ് വോളണ്ടിയർമാരും ചേർന്നാണ് ശ്രീനാരായണപുരം, മതിലകം, എടവിലങ്ങ് പഞ്ചായത്തുകളുമായി സഹകരിച്ചാണ് മെഗാ കോസ്റ്റൽ ക്ലീനിംഗ് നടത്തിയത്.
പഞ്ചായത്തുകളിലെ ഒമ്പത് കിലോമീറ്റർ നീളത്തിൽ വരുന്ന തീരദേശ വാർഡുകളിൽ നിന്നും എൻ.എസ്.എസ് വോളണ്ടിയർമാർ 750 ചാക്കുകളിലായി ശേഖരിച്ച മാലിന്യങ്ങൾ എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ സമാപന യോഗത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. എ. ബിജു പദ്ധതി വിശദീകരണം നടത്തി. പ്രോഗ്രാം ഓഫീസർ ഡോ. പ്രിൻസി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ശാർങാധരൻ, വികസനകാര്യം ചെയർമാൻ കെ.എ. അയൂബ്, മിനി പ്രദീപ്, കൃഷ്‌ണേന്ദു, പ്രകാശിനി, രേഷ്മ വിപിൻ, മുഹമ്മദ് ജലീൽ, കെ.എം. മുഷ്താഖ് മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. എടവിലങ്ങ് പഞ്ചായത്ത് മെമ്പർമാരായ ഗിരീഷ് കുമാർ, സന്താഷ് പുളിക്കൽ, വിനിൽ ദാസ്, പ്രിയ ഹരിലാൽ, ഇ.കെ. ബിജു, പി.എം. അരുൺലാൽ, ഫിഷറീസ് വിഭാഗം, മത്സ്യത്തൊഴിലാളി സംഘടന, പൊലീസ്, അഴീക്കോട് കോസ്റ്റൽ പൊലീസ്, ഹെൽത്ത് വിഭാഗം, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമ്മ സേന തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്ലീനിംഗ് നടത്തിയത്.