ചാലക്കുടി: ചാലക്കുടി അടിപ്പാത നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ ദാഗമായി രണ്ട് ദിവസം ദേശീയപാതയിൽ ട്രയൽ റൺ ഗതാഗതം നടത്തും. ചാലക്കുടി മുനിസിപ്പൽ ജംഗ്ഷൻ മുതൽ പോട്ട സിഗ്‌നൽ ജംഗ്ഷൻ വരെ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് പരീക്ഷണം. അടിപ്പാത നിർമ്മാണം നടക്കുന്ന പ്രദേശത്ത് മുഴുവൻ വാഹനങ്ങളും സർവീസ് റോഡുകളിലൂടെയായിരിക്കും കടത്തി വിടുക. നഗരത്തിലെ മറ്റ് ഗതാഗത സംവിധാനത്തിനും മാറ്റം വരും. ട്രയൽ റണ്ണിന് ശേഷം ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി, അടിപ്പാത നിർമ്മാണം തീരുംവരെ ഗതാഗത നിയന്തണം നിലനിറുത്താനാണ് തീരുമാനം. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ നടന്ന യോഗത്തിലാണ് തീരുമാനം. ആറ് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും അതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും കരാർ ഏറ്റെടുത്തിരിക്കുന്ന പെരുമ്പാവൂരിലെ ഇ.കെ.കെ കമ്പനി ആവശ്യപ്പെട്ടിരുന്നു. നിർമ്മാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ അത് സജീവമാകും. 66 കോടി രൂപ ചെലവിലാണ് നിർമ്മാണത്തിന്റെ കരാർ പുതിയ കമ്പനി ഏറ്റെടുത്തത്.

ഗതാഗത നിയന്ത്രണം ഇപ്രകാരം
തൃശൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ക്രസന്റ് സ്‌കൂൾ പരിസരത്ത് സർവീസ് റോഡിലേക്ക് കടന്ന് മുനിസിപ്പൽ ജംഗ്ഷനിൽ എത്തും. ഇവിടെ വച്ച് ദേശീയപാതയിലേക്ക് കയറും. എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മുനിസിപ്പൽ ജംഗ്ഷനിൽ വച്ച് സർവീസ് റോഡിലൂടെ കടത്തി വിടും. ഇതു കോസ്‌മോസ് ക്ലബ്ബിനടുത്തുള്ള പ്രവേശന കവാടത്തിലൂടെ പ്രധാന റോഡിലേക്ക് കടക്കും. മാള മേഖലയിൽ നിന്നെത്തുന്ന ചെറിയ വാഹനങ്ങൾ ഗവ.ഐ.ടി.ഐ ജംഗ്ഷനിലൂടെ തിരിഞ്ഞ് കെ.എസ്.ആർ.ടി.സി റോഡിലെത്തണം. മാളയിലേക്ക് പോകുന്ന വാഹനങ്ങളും ഇതേ രീതിയിൽ കടത്തിവിടും. അതേസമയം മാളയിൽ നിന്നും വരുന്ന ബസുകൾ മാത്രം മുനിസിപ്പൽ ജംഗ്ഷനിൽ വച്ച് സർവീസ് റോഡിലൂടെ സൗത്ത് ജംഗ്ഷനിലേയ്ക്ക് പോകണം. ചാലക്കുടിയിൽ നിന്നും മാളയിലേക്കുള്ള ബസുകൾക്ക് ഇതേ റൂട്ട് അനുവദിക്കും. മാള റോഡിലൂടെ ദേശീയപാതയിലേക്കുള്ള മറ്റു വലിയ വാഹനങ്ങൾ വെള്ളാഞ്ചിറ റോഡിലൂടെയാണ് പോകേണ്ടത്. ഇരുചക്ര വാഹനങ്ങൾക്ക് തത്ക്കാലം പരിഷ്‌കാരം ബാധകമല്ല. ഞായറാഴ്ച രാവിലെ 10 മുതൽ 6 വരേയും തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയുമായിരിക്കും പരിഷ്‌കാരങ്ങൾ.