ചേലക്കര: ചേലക്കരയുടെ സ്വന്തം തലമ പന്തുകളി മത്സരത്തിന് ഇന്ന് സമാപനം. കിംഗ് കോബ്രയും ബ്ലാക്ക് ബോണും തമ്മിലാണ് ഇന്ന് പോരാട്ടം. പത്തുക്കുടി നെഹ്‌റു ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലക്കര മുഖാരിക്കുന്ന് മൈതാനിയിൽ നടന്നു വരുന്ന വാശിയേറിയ കളിയിൽ ഇത്തവണ 46 ടീമുകളാണ് പങ്കെടുത്തത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ കിംഗ് കോബ്രാ പങ്ങാരപ്പിള്ളി ടീമും ബ്ലാക്ക് ബോൺ തോന്നൂർക്കര ടീമും തമ്മിലാണ് മത്സരം. ഓണത്തിനു മുമ്പെ തുടങ്ങിയ തലമ പന്തുകളിയിൽ കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ശക്തമായ മത്സരമായിരുന്നു 46 ടീമുകളും ഇത്തവണ കാഴ്ചവച്ചത്. ചേലക്കരയിൽ മാത്രം കണ്ടുവന്നിരുന്ന ഏറെ പ്രത്യേകതകളുള്ള കായിക വിനോദമാണ് തലമ പന്തുകളി. ചകിരി തുകൽ കൊണ്ട് പൊതിഞ്ഞു തുന്നി ഉണ്ടാക്കുന്ന പന്തു കൊണ്ടുള്ള കളി. കാലു കൊണ്ടും കൈകൊണ്ടും അടിച്ച് കളിക്കും. തലമ, ഒറ്റ, എരട, തൊടമ, പിടിച്ചാൻ, കാക്കോടി, ഓടി തുടങ്ങിയ കളികൾ മുമ്മൂന്ന് വീതമുള്ളത്, രണ്ടു പട്ടം എടുക്കുന്ന ടീം വിജയിയാവുന്നത് തുടങ്ങി പല നിബന്ധനകൾക്ക് വിധേയമായ ഈ കളി ആസ്വദിക്കാൻ സമൂഹത്തിലെ ഉന്നതരടക്കം ആബാലവൃദ്ധം ജനങ്ങളാണ് മൈതാനിയിൽ ഒത്തുകൂടുന്നത്.