പഴയന്നൂർ: മുണ്ടകൻ നെൽക്കൃഷിക്ക് ആവശ്യമായ വെള്ളം കർഷകർക്ക് 26 നകം എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ചീരക്കുഴി ഇറിഗേഷൻ പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിൽ മുണ്ടകൻ കൃഷിക്ക് ആവശ്യമായ വെള്ളം കനാലുകൾ വൃത്തിയാക്കി കർഷകർക്ക് കൃത്യസമയത്ത് എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ചീരക്കുഴി ഇറിഗേഷൻ ഉപദേശക സമിതി യോഗത്തിലാണ് യുദ്ധകാല അടിസ്ഥാനത്തിൽ ഇറിഗേഷൻ കനാലുകളിലെ തടസങ്ങൾ വൃത്തിയാക്കി കൃഷിക്കാവശ്യമായ വെള്ളം കർഷകർക്ക് കൃത്യ സമയത്ത് എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.

കൃഷി ഓഫീസർമാർ, ഇറിഗേഷൻ ഉദ്യോഗസ്ഥർ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, ജനപ്രതിനിധികൾ എന്നിവർ കൂട്ടായി ചർച്ച ചെയ്ത് മുണ്ടകൻ, വിരുപ്പ് കൃഷിക്ക് കൂടി അനുയോജ്യമാകുന്ന രീതിയിൽ കാർഷിക കലണ്ടർ തയ്യാറാക്കാനും തീരുമാനിച്ചു. ചീരക്കുഴി ഇറിഗേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ തൃശൂർ മേജർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ടി.കെ. ജയരാജ് അദ്ധ്യക്ഷനായിരുന്നു.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെയ്ക്ക് അബ്ദുൾ ഖാദർ, പി.കെ. മുരളീധരൻ, കെ. ശശിധരൻ മാസ്റ്റർ, പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി, പാടശേഖര സമിതിയംഗങ്ങൾ, കർഷകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചീരക്കുഴി ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ വി.കെ. ബിന്ദു സ്വാഗതവും അസിസ്റ്റ് എൻജിനിയർ പി.വി. സുമ നന്ദിയും പറഞ്ഞു.