ഗുരുവായൂർ: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണത്തിന് എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയനിൽ തുടക്കമായി. യൂണിയന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസങ്ങളിലായാണ് സമാധിദിനാചരണം സംഘടിപ്പിക്കുന്നത്. രാവിലെ 6 ന് ഗുരുപൂജയോടെയായിരുന്നു സമാധിദിനാചരണത്തിന് തുടക്കമായത്. രാവിലെ നടന്ന സമാദരണ സദസ് വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ ഭദ്രദീപം തെളിച്ചു. യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ, സെക്രട്ടറി പി.എ. സജീവൻ, ഭാരവാഹികളായ എ.എസ്. വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽകുമാർ, കെ.കെ. രാജൻ, ശൈലജ കേശവൻ, സദാനന്ദൻ താമരശേരി തുടങ്ങിയവർ സംസാരിച്ചു.