ചേലക്കര: പട്ടികജാതി വികസന വകുപ്പിന്റെ പ്രവൃത്തികൾ ഏറ്റെടുക്കുന്ന ഏജൻസികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര പഞ്ചായത്തിലെ നാട്ട്യൻചിറ കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വികസനക്ഷേമ പ്രവർത്തനങ്ങളുടെ ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അതിന്റെ നേട്ടങ്ങൾ ആ പ്രദേശത്തെ ജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുന്ന തരത്തിൽ ജനകീയ പങ്കാളിത്തത്തോടെ വേണം പദ്ധതി ആസൂത്രണം ചെയ്യേണ്ടത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ഏജൻസികൾ തയ്യാറാകണം. സംസ്ഥാന നിർമ്മിതികേന്ദ്രയാണ് നിലവിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന ഏജൻസി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാകാത്ത ഏജൻസികൾക്ക് പ്രവൃത്തി കൊടുക്കുന്നത് പരിശോധിക്കണം. പദ്ധതിയുടെ കാലാവധി ഒരു വർഷമാണ്. 10 മാസം കൊണ്ട് തന്നെ പണി പൂർത്തിയാക്കി നിർമ്മിതി മാതൃക കാണിക്കണമെന്നും മന്ത്രി പറഞ്ഞു. ഓരോ മാസവും പദ്ധതിയുടെ ഗുണഭോക്താക്കൾ റിവ്യൂ നടത്തി തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. നാട്യൻചിറ അംഗൻവാടിയിൽ ചേർന്ന യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വി. പ്രബിത പദ്ധതി വിശദീകരിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ജലീൽ, നിർമ്മിതികേന്ദ്ര റീജിണൽ എൻജിനിയർ എ.എം. സതീദേവി, ചേലക്കര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസി ഓഫീസർ ലിസ ജെ. മങ്ങാട്ട് സ്വാതവും വാർഡ് മെമ്പർ എ.കെ. അഷറഫ് നന്ദിയും പറഞ്ഞു.