1
പഴയ കൊച്ചിൻ പാലത്തിന്റെ ഒരുഭാഗം കൂടി തകർന്ന് വീണപ്പോൾ.

ചെറുതുരുത്തി: ഭാരതപ്പുഴയുടെ കുറുകെയുള്ള പഴയ കൊച്ചിൻ പാലത്തിന്റെ ഒരുഭാഗം കൂടി തകർന്ന് വീണു. കരിങ്കൽ തൂൺ താഴ്ന്ന സ്പാൻ ചെരിഞ്ഞ് ഇരു ബ്ഗർഡർ ഉൾപ്പെടുന്ന മേൽഭാഗം പുഴയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ ചില ഭാഗങ്ങൾ വർഷങ്ങൾക്ക് മുമ്പ് തകർന്ന് വീണിരുന്നു. തൃശൂരിലേക്ക് പ്രവേശിക്കാനായി സ്വാമി വിവേകാനന്ദൻ കൊച്ചിൻ പാലത്തിലൂടെ നടന്നു പോയതായി പറയപ്പെടുന്നു. മഹാകവി വള്ളത്തോൾ വൈകുന്നേരങ്ങളിൽ നിത്യവും ഈ പാലത്തിൽ കൂടി നടക്കാറുണ്ട്. ചരിത്രം ഉറങ്ങുന്ന പഴയ കൊച്ചിൻ പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുവന്നിരുന്നു. എന്നാൽ പുരാവസ്തു വകുപ്പിന്റെ ഇടപെടൽ മൂലം പാലം സംരക്ഷിക്കുന്നതിന് തടസം നേരിട്ടു. അടുത്തിടെ മന്ത്രി കെ.രാധാകൃഷ്ണൻ, പൊതുമാരാമത്ത് വകുപ്പ് മന്ത്രിയുമായി പാലം സംരക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പാലത്തിന്റെ ഒരുഭാഗം കൂടി തകർന്ന് വീണത്.