 
വലപ്പാട്: വനിതാ സംവരണ ബിൽ നടപ്പിലാക്കാൻ വേണ്ട ആർജവം കേന്ദ്ര സർക്കാർ കാണിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ നാട്ടിക ഏരിയ സമ്മേളനം ആവശ്യപ്പട്ടു. വലപ്പാട് ബീച്ച് ചിത്ര ഓഡിറ്റോറിയം എം.സി. ജോസഫൈൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗിരിജാദേവി ഉദ്ഘാടനം ചെയ്തു.
കെ.ബി. സുധ, രാജിഷ ശിവജി, നൂറുൽ ഹുദ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. രതി സുനിൽ രക്തസാക്ഷി പ്രമേയവും, ചിഞ്ചു സുധീർ അനുശോചന പ്രമേയവും, വി.വി. അനിത ജോസഫൈൻ അനുശോചനവും, ബേബി രാജൻ മല്ലു സ്വരാജ്യം അനുശോചനവും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി മഞ്ജുള അരുണൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മേരി തോമസ്, കെ.ആർ. സീത, ഇ.കെ. തോമസ്, രാജിഷ ശിവജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാജിഷ ശിവജി (സെക്രട്ടറി), ബൈന പ്രദീപ് (പ്രസിഡന്റ്), നൂറുൽ ഹുദ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.