trafic

ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിൽ വാഹനങ്ങളെ വഴിതിരിച്ചു വിടുന്നു.

ചാലക്കുടി: കോടതി ജംഗ്ഷനിൽ മുടങ്ങിക്കിടക്കുന്ന അടിപ്പാത നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി ദേശീയപാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച പകലും തിങ്കളാഴ്ച രാവിലെ മുതൽ രാത്രി രാത്രി എട്ടു മണി വരെയുമാണ് ഗതാഗത നിയന്ത്രണം. 25 നാണ് അടിപ്പാത നിർമ്മാണം പുനരാരംഭിക്കുന്നത്. ആവശ്യമായ ഭേദഗതികളോടെ അന്നു മുതൽ സ്ഥിരമായ ഗതാഗത നിയന്ത്രണമുണ്ടാകും. മുനിസിപ്പൽ ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. ഇവിടം മുതൽ കോസ്‌മോസ് ക്ലബ് വരെ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എറണാകുളം ഭാഗത്തു നിന്നുള്ള വാഹനങ്ങളെ മുനി. ജംഗ്ഷനിൽ വച്ച് സർവീസ് റോഡിലേക്ക് തിരിച്ചു വിടും. തൃശൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങളും സർവീസ് റോഡിലൂടെ വന്ന് മുനിസിപ്പൽ ജംഗ്ഷനിൽ എത്തുമ്പോൾ ദേശീയ പാതയിലേയ്ക്ക് കയറും. മുനിസിപ്പൽ ജംഗ്ഷൻ മുറിഞ്ഞു കടക്കാൻ ഒരു വാഹനങ്ങളേയും അനുവദിക്കില്ല. കാൽനട യാത്രക്കാരെ പൊലീസ് സഹായത്തോടെ കടത്തിവിടും. മാള റോഡിൽ നിന്നുള്ള ബസുകളെ മുനിസിപ്പൽ ജംഗ്ഷനിൽ നിന്നു സമാന്തര റോഡിലൂടെ സൗത്തിലേക്ക് വിടും. ചെറുവാഹനങ്ങൾക്ക് ബി.എസ്.എൻ.എൽ റോഡിലൂടെ സഞ്ചരിക്കാം. പെരുമ്പാവൂരിലെ ഇ.കെ.കെ. കൺസ്ട്രക്ഷൻ കമ്പനിയാണ് പുതിയ കരാർ ഏറ്റെടുത്തത്. 57.5 കോടി രൂപ ചെലവ് വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് പ്രൊജക്ട് മാനേജർ ശ്രീരാജ് ദിവാകരൻ പറഞ്ഞു. ചാലക്കുടി എസ്.എച്ച്.ഒ: കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിൽ ഇരുപതോളം പൊലീസുകാരാണ് വാഹന ഗതാഗതം നിയന്ത്രിക്കുന്നത്.


അടിപ്പാത നിർമ്മാണം ഇങ്ങനെ

നിർമ്മാണ കലാവധി ആറു മാസം.
ഇതുവരെ നടന്നത് 15 ശതമാനം പ്രവൃത്തി.
ഇ.കെ.കെ കമ്പനി ഏറ്റെടുത്തത് അടിപ്പാത പൂർത്തീകരണവും പാലിയേക്കര മുതൽ കരയാംപറമ്പ് വരെയുള്ള അറ്റകുറ്റപ്പണികളും.
നിർമ്മാണത്തിലിരിക്കുന്ന സർവീസ് റോഡുകൾ പൂർത്തിയാക്കും.
പുതിയ കാനകൾ നിർമ്മിക്കും.
ആവശ്യമായ മീഡിയനുകളും നിർമ്മിക്കും.
നിർമ്മാണ കാലയളവിലെ എല്ലാ അറ്റകുറ്റപ്പണികളും നടത്തും.