r-bindu

തൃശൂർ: വിട്ടുവീഴ്ചയില്ലാത്ത ആദർശബോധത്തോടെ അനീതിക്കെതിരായ പടവാളായി തൂലിക ചലിപ്പിച്ചതാണ് കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ സവിശേഷതയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. കേരളകൗമുദി തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പത്രാധിപർ അനുസ്മരണ യോഗം ഉദ്ഘാടനവും, പ്രാദേശിക പത്രപ്രവർത്തകർക്കുള്ള പത്രാധിപർ സ്മാരക പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി.

സമാനതകളില്ലാത്ത പ്രതിഭാശാലിയായിരുന്ന അദ്ദേഹം എക്കാലത്തേയും പത്രാധിപരാണ്. എന്താണ് പത്രധർമ്മമെന്ന് കാണിച്ചുതന്ന പത്രാധിപർ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവർക്ക് ഇന്നും മഹത്തായ പ്രചോദനമാണ്. ഭാഷാശൈലി കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം, സാമൂഹിക പരിഷ്‌കരണത്തിനായി അനവരതം പ്രവർത്തിച്ചു. ബഹുഭൂരിപക്ഷമുള്ള പിന്നാക്കക്കാർക്കായി തന്റെ നിലപാടും അഭിപ്രായവും നിർഭയം അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ മുന്നോട്ടുവച്ച പത്രാധിപരുടെ കുളത്തൂർ പ്രസംഗം പിന്നീട് നിരവധി രാഷ്ട്രീയചർച്ചകൾക്കാണ് വിധേയമായത്.മറ്റുള്ളവരുടെ പ്രേരണകളില്ലാതെ ആർജ്ജവത്തോടെ സത്യം പറയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എസ്.എൻ.ഡി.പി യോഗത്തിന് മാത്രമല്ല മറ്റെല്ലാ പിന്നാക്ക, അധ:സ്ഥിത സംഘടനകൾക്കുമായി ജീവിതകാലമത്രയും അദ്ദേഹം പ്രയത്‌നിച്ചു.

സത്യസന്ധതയായിരുന്നു പത്രാധിപരുടെ മുഖമുദ്ര. പത്രപ്രവർത്തനത്തിന്റെ അടിത്തറ തന്നെ സത്യദർശനമാണ്. പക്ഷേ, ഇക്കാലത്ത് മാദ്ധ്യമങ്ങൾ വിവാദങ്ങളുടെ നിർമ്മിതിയിൽ അഭിരമിക്കുകയാണോയെന്ന് സംശയിച്ചുപോകുന്ന സ്ഥിതിയുണ്ട്. സാധാരണക്കാരന്റെ അവകാശങ്ങളാണ് അപ്പോൾ മറച്ചുവയ്ക്കപ്പെടുന്നത്.കെ.സുകുമാരനിൽ നിന്ന് പത്രപ്രവർത്തനത്തിൽ വരും തലമുറകൾക്കും ഒരുപാട് പഠിക്കാനുണ്ട്. അടിച്ചമർത്തപ്പെട്ടവനും പിന്നാക്കക്കാരനും പ്രഥമപരിഗണന നൽകിയ പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ മൂലക്കല്ലിലാണ് കേരളകൗമുദി നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പത്രാധിപരുടെ ഛായാചിത്രത്തിൽ മന്ത്രി പുഷ്പാർച്ചന നടത്തി. കേരളകൗമുദി ചാലക്കുടി ലേഖകൻ കെ.വി.ജയന് പത്രാധിപർ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരം സമ്മാനിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്.കിരൺ അദ്ധ്യക്ഷനായി.