തൃശൂർ: കുത്താമ്പുള്ളി കൈത്തറി വസ്ത്ര നിർമ്മാണ വിപണന മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികൾക്ക് ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളേജ് പരിശീലനം നൽകും. സംസ്ഥാന സർക്കാരിന്റെ കെഡിസ്‌ക് പദ്ധതിയുടെ ഭാഗമായാണിത്. കോളേജിൽ സ്ഥാപിച്ചിരിക്കുന്ന കൈത്തറി യൂണിറ്റിലാണ് പരിശീലനം. പരിശീലന കേന്ദ്രത്തിന്റെയും നിർമ്മാണ യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നിർവഹിക്കും.
പരമ്പരാഗത രീതിയിൽ നിന്ന് കാതലായ മാറ്റം ഇല്ലാതെ പുത്തൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി അദ്ധ്വാനഭാരം ലഘൂകരിച്ച് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനാണ് പരിശീലനം. കല്യാൺ സിൽക്‌സ് എം.ഡി. ടി.എസ്. പട്ടാഭിരാമൻ പദ്ധതിക്ക് പിന്തുണ നൽകും. പത്രസമ്മേളനത്തിൽ അക്കാഡമിക് ഡയറക്ടർ ഫാ.ഡോ. ജോസ് കണ്ണമ്പുഴ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. സി.വി. ബിജു, കെഡിസ്‌ക് ജില്ലാ സീനിയർ പ്രോഗ്രാം എക്‌സിക്യുട്ടീവ് രാജശ്രീ എന്നിവർ പങ്കെടുത്തു.