 
തൃശൂർ: ''ഭൂമി, വീട്, സ്വകാര്യ എയ്ഡഡ് മേഖലയിൽ തൊഴിൽ സംവരണം'' എന്ന മുദ്രാവാക്യവുമായി പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്.) കാസർകോട്ട് നിന്ന് തുടങ്ങിയ ജാഥ ബുധനാഴ്ച ജില്ലയിലെത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച രണ്ടിന് അണ്ടത്തോട് വച്ച് ജാഥ ജില്ലയിൽ പ്രവേശിക്കും.
ചാവക്കാട് സെന്റർ, വലപ്പാട്, ഇരിങ്ങാലക്കുട ടൗൺ ഹാൾ പരിസരം, അഷ്ടമിച്ചിറ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഉണ്ടാകും. വ്യാഴാഴ്ച രാവിലെ ചാലക്കുടിയിൽ നിന്നും തുടങ്ങി പുതുക്കാട്, ചേർപ്പ്, തൃശൂർ, പുഴയ്ക്കൽ, വടക്കാഞ്ചേരി കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ചേലക്കരയിൽ സമാപിക്കും.
ജില്ലാ സെക്രട്ടറി കെ.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, ട്രഷറർ പി.എ. പുരുഷോത്തമൻ , കെ.എ. വിശ്വംഭരൻ, അഡ്വ. പി.കെ. ബിന്ദു എന്നിവർ പങ്കെടുത്തു.
പോഷണ് അഭിയാന് പരിപാടി
തൃശൂർ: കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന – പരിസ്ഥിതി ശാസ്ത്ര കോളേജിൽ 'പോഷൺ അഭിയാൻ' പരിപാടി പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ ഡോ. പി.ഒ നമീർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷി വിജഞാന കേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. ഇ.ആർ. അനീന ക്ലാസെടുത്തു. വിത്ത് വിതരണവും നടത്തി. പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. മേരി റെജീന, ഡോ. അനീന ഇ. ആർ, ഡോ. ദീപ ജെയിംസ്, ശ്രീ. അനൂപ് കൃഷ്ണൻ, രാജി എസ്. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
ഉപഭോക്തൃ - കർഷക സംഗമം നാളെ
തൃശൂർ: കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഒഫ് ഇന്ത്യ, ബുധനാഴ്ച മൂന്നിന് സാഹിത്യ അക്കാഡമി ഹാളിൽ ഉപഭോക്തൃ കർഷക സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും.
വിഷലിപ്ത ഭക്ഷ്യവസ്തുക്കളുടെ ബഹിഷ്കരണം, ഭക്ഷ്യവസ്തുക്കൾ സ്വയം പര്യാപ്തത കൈവരിക്കൽ, കാർഷിക വിളകളുടെ വിപണനം ഉപഭോക്തൃ കർഷക കൂട്ടായ്മ, വിളനാശവും സാമ്പത്തിക സഹായവും എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും.
വാർത്താ സമ്മേളനത്തിൽ രാധാകൃഷ്ണൻ ചെമ്പൂക്കാവ്, ജേക്കബ്ബ് പുതുശ്ശേരി, ടി. രാംകുമാർ, പ്രൊഫ. വി.പി.ജോൺസ്, മണികണ്ഠൻ മനക്കൊടി എന്നിവർ പങ്കെടുത്തു.