ചാലക്കുടി: നഗരസഭ പരിധിയിൽപ്പെട്ട പള്ളിക്കനാൽ പുറമ്പോക്കിലെ വീട് പൊളിച്ച് നീക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉടമ സുനിൽ ജോർജ് ചാലക്കുടി മുൻസിഫ് കോടതിയിൽ നൽകിയ ഹർജി തള്ളി. സുനിലിന്റെ മാതാവ് റോസിലിയുടെ പേരിൽ പി.എം.വൈ.എ പദ്ധതി പ്രകാരം സ്ഥലവും വീടും നൽകിയിട്ടുണ്ടെന്ന നഗരസഭയുടെ വാദം അംഗീകരിച്ചാണ് മുൻസിഫ് എം.ടി. തരിയച്ചൻ അന്യായക്കാരുടെ പരാതി നിരാകരിച്ചത്. ഇതോടെ 19-ാം വാർഡിലെ 323-ാം നമ്പർ വീട് പൊളിക്കാൻ നഗരസഭയ്ക്ക് അനുമതിയായി. എന്നാൽ ഇതിനകം വിവാദമായ സംഭവമായതിനാൽ തിടക്കപ്പെട്ടുള്ള നടപടിയ്ക്ക് അധികൃതർ നീങ്ങാനിടയില്ല. സോൾബി സുനിലിന്റെ പേരിലായിരുന്നു പ്രസ്തുത വീട്. ഇവിടെ ഇവരുടെ മാതാപിതാക്കളും താമസിച്ചിരുന്നു. പി.എം.വൈ.എ പദ്ധതിയിൽ ഉൾപ്പെടുത്തി സോൾബി സുനിലിന്റെ സമ്മത പ്രകാരമായിരുന്നു അമ്മയുടെ പേരിൽ സ്ഥലവും വീടും നൽകിയത്. മാതാപിതാക്കൾ സ്ഥലം മാറിയെങ്കിലും മകളും ഭർത്താവും ഇവിടെ താമസിച്ച് മറ്റൊരു വീട് വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.

വാഴക്കുളത്തെ വീടും സുനിലിന്

സോൾബിയുടെ ഭർത്താവ് സുനിലിന് അവകാശമുള്ള ഒരു വീട് എറണാകുളം ജില്ലയിലെ വാഴക്കുളത്തുണ്ടെന്ന് വിവരം ലഭിച്ചു. ഇയാളുടെ പിതാവ് ജോർജിന്റെ പേരിലാണ് വീടും സ്ഥലവും. മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. ഇയാളുടെ ഒരു സഹോദരന്റെ പേരിൽ മഞ്ഞാട്ടൂർ പഞ്ചായത്ത് പി.എം.വൈ.എ പദ്ധതിയിൽപ്പെടുത്തി മറ്റൊരു സ്ഥലും വീടും നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇക്കാരണത്താലാണ് പിതാവിന്റെ പേരിൽ തെക്കുംമല പഴുക്ക കോളനിയിലുള്ള സ്ഥലവും വീടും സുനിലിന് അവകാശപ്പെട്ടതാണെന്ന് പറയുന്നത്. ഇതിന്റെ രേഖകൾ ചാലക്കുടി നഗരസഭാ ഭരണസമിതി ശേഖരിച്ചുവെന്നും അറിയുന്നു.