പുതുക്കാട്: എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം ഗുരുമന്ദിരത്തിൽ ആചരിക്കും. വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, പ്രസാദ വിതരണം എന്നിവയും അനുസ്മരണ യോഗവും നടത്തും. ബാബു നടുമുറി തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തും. ജയന്തി സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെറിറ്റ് ഡേയിൽ എത്തിചേരാതിരുന്ന പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. യൂണിയൻ ഓഫിസിൽ ചേർന്ന യൂണിയൻ കൗൺസിൽ, പോഷക സംഘടനാ ഭാരവാഹികൾ, മേഖലാ കൺവിനർമാർ എന്നിവരുടെ സംയുക്ത യോഗമാണ് സമാധിദിനാചരണ പരിപാടികൾക്ക് രൂപം നൽകിയത്. യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ധനൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.കെ. രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.ആർ. ഗോപാലൻ, സുകുമാരൻ പുന്നക്കത്തറയിൽ, ദേവൻ തറയിൽ, രാജീവ് കരോട്ട്, പി.ആർ. ശിവരാമൻ മാസ്റ്റർ, പി.ആർ. വിജയകുമാർ, കെ.കെ. മനോജ്, അഭിലാഷ് പാറമേൽ, ബൈജു ചൊല്ലിക്കര, അഡ്വ. എം.ആർ. മനോജ് കുമാർ ,സി.കെ. കൊച്ചുകുട്ടൻ, ഹരിദാസ് വാഴപ്പിള്ളി, സി.ആർ. രാമചന്ദ്രൻ, എം.കെ. നാരായണൻ എന്നിവർ സംസാരിച്ചു.