ചാലക്കുടി: ജില്ലയിലെ ആദ്യത്തെ ആന്റി റാബിസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചു. പേവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പുറമെ അനുബന്ധ ചികിത്സയും ക്ലിനിക്കിൽ സജ്ജമാക്കും. ജില്ലയിലെ പേവിഷ ചികിത്സയുമായി ബന്ധപ്പെട്ട പൂർണവിവരങ്ങളും ഇവിടെ സൂക്ഷിക്കും. തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണാൻ വിഷയം ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്.
തീവ്ര വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കൽ, തെരുവ് നായകൾക്കും ഉപേക്ഷിക്കപ്പെട്ട നായകൾക്കുമായുള്ള അഭയകേന്ദ്രങ്ങൾ സജ്ജമാക്കൽ, ശുചിത്വ യജ്ഞം തുടങ്ങിയ ദൗത്യങ്ങളുമായി തെരുവ് നായ ശല്യം തടയുന്നതിന് നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിൽ ഇതിനായി ജനകീയ സമിതികൾ രൂപീകരിക്കും. പ്രവർത്തനങ്ങളുടെ ഏകോപനമാണ് സമിതികളുടെ ദൗത്യം. നഗരസഭാ ചെയർമാൻ എബി ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. സുനിത, അമ്പിളി സോമൻ, നോഡൽ ഓഫീസർ എം. ശബരീദാസൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എൻ.എ. ഷീജ, വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.