ചാലക്കുടി: 62-ാം വയസിലും പഠനവും സാങ്കേതിക വിജ്ഞാനം ആർജിക്കലും സാദ്ധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് കോടശേരി മണലായിലെ ജോസ്. ചാലക്കുടി ഗവ.ഐ.ടി.ഐയിൽ നിന്നും 90 ശതമാനം മാർക്ക് നേടിയാണ് ഷഷ്ഠിപൂർത്തി പിന്നിട്ട ജോസ് വിജയിച്ചത്. ഇവിടെ റഗുലർ വിദ്യാർത്ഥിയാണ്. വിദ്യാഭ്യാസത്തോടുള്ള അഭിനിവേശത്താൽ ഇത്തവണ ചാലക്കുടി ഗവ.സ്‌കൂളിൽ പ്ലസ് ടു തുല്യതാ പഠനത്തിനും ചേർന്നു. കഴിഞ്ഞ കൊവിഡ് കാലഘട്ടത്തിൽ തുല്യതാ പരീക്ഷയിൽ എസ്.എസ്.എസ്.എൽ.സി പരീക്ഷയും വിജയിച്ചിരുന്നു. കർഷകനായ ജോസ് 1975ലാണ് ആദ്യമായി പത്താം ക്ലാസ് പരീക്ഷയ്ക്കിരുന്നത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ തലയ്ക്ക് പിടിച്ചപ്പോൾ യുവാവായിരുന്ന ജോസിന്റെ പഠനത്തെയാണ് അത് താറുമാറാക്കിയത്. വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ ആവേശം മനസിൽ മറഞ്ഞു ഒളിച്ചുകിടന്നു. മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടിക്കൊടുത്ത ശേഷമാണ് ഇപ്പോൾ ഇലക്ട്രിഷ്യൻ ട്രേഡിൽ ചാലക്കുടി ഐ.ടി.ഐയിൽ നിന്നും ഉയർന്ന വിജയം നേടിയത്. ഇവിടെ സാധാരണ പരിശീലക വിദ്യാർത്ഥിയായി യൂണിഫോമിൽ തന്നെയായിരുന്നു സാങ്കേതിക പഠനം. ഇയാൾ ലഭിച്ച മാർക്ക് സംസ്ഥാനത്തു തന്നെ ഏറ്റവും ഉയർന്നതാണെന്ന് ഐ.ടി.ഐ അധികൃതർ പറയുന്നു. വെറുതെയെങ്കിലും ഇനിയും കൂടുതൽ പഠിക്കാനാണ് ഈ 62 കാരന്റെ മോഹം.