മാള : മാള കനകക്കുന്നിൽ താമസിക്കുന്ന വൃദ്ധയുടെ വീട് കുത്തിത്തുറന്ന് 75,000 രൂപ മോഷ്ടിച്ച കേസിൽ പറവൂർ കോട്ടുവള്ളി സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ തോമസിനെ (55) മാള എസ്.എച്ച്.ഒ വി.സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു. ഈ മാസം നാലാം തീയതിയായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ മംഗലപ്പിള്ളി വീട്ടിൽ വൃദ്ധയായ അമ്മിണിയുടെ വീടിന്റെ പിറകുവശത്തെ വാതിൽ , സ്‌ക്രൂ ഡ്രൈവറും, ചുറ്റികയും ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തു കടന്ന് അലമാരയിലെ പണമാണ് മോഷ്ടിച്ചത്. സംഭവ സ്ഥലത്തിന് സമീപത്തുള്ള സ്വകാര്യ ടൈൽ കമ്പനിയിലും സമീപത്തുള്ള വീടുകളിലും സ്ഥാപിച്ച പതിനഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പണം ഉപയോഗിച്ച് പറവൂർ വള്ളുവള്ളിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതിക്കുണ്ടായിരുന്ന കടം തിരിച്ചടച്ചതായി കണ്ടെത്തി. അന്വേഷണ സംഘത്തിൽ മാള സബ് ഇൻസ്‌പെക്ടർ നീൽ ഹെക്ടർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മുരുകേഷ് കടവത്ത്, സീനിയർപൊലീസ് ഓഫീസർ ജിബിൻ കെ.ജോസഫ്, ഷാഗിൻ, എ.എസ്.ഐ ജസ്റ്റിൻ എന്നിവരാണ് ഉണ്ടായിരുന്നത്.