 
തൃശൂർ: വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞം രണ്ടാഴ്ച കൊണ്ട് നൂറ് ശതമാനം പൂർത്തീകരിച്ച ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആദരം. വടക്കാഞ്ചേരി, പുതുക്കാട്, ചേലക്കര, കയ്പമംഗലം, ചാലക്കുടി, മണലൂർ, ഒല്ലൂർ ബൂത്തുകളിൽ നിന്നായി 12 ബൂത്ത് ലെവൽ ഓഫീസർമാരെയാണ് ആദരിച്ചത്.
ചേംബറിൽ നടന്ന ചടങ്ങിൽ കളക്ടർ ഹരിത വി. കുമാർ പ്രശംസാപത്രം കൈമാറി. യജ്ഞത്തിൽ ദമ്പതിമാരും ഭാഗമായി. പുതുക്കാട് മണ്ഡലത്തിലെ അംഗൻവാടി ടീച്ചർ സിജി ഇ.പി, മറ്റത്തൂർ പഞ്ചായത്ത് ലൈബ്രേറിയൻ പ്രദീപ് ചൂരക്കാടൻ എന്നിവരാണ് കുറഞ്ഞ ദിവസത്തിനകം നൂറ് ശതമാനം പൂർത്തിയാക്കിയത്.
ലക്ഷ്യം
ഇരട്ടിപ്പ് ഒഴിവാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുൻനിർറുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് യജ്ഞം നടപ്പിലാക്കുന്നത്. വോട്ടർപട്ടിക പുതുക്കൽ, ഇരട്ടിക്കൽ ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, കള്ളവോട്ട് തടയൽ എന്നിവയാണ് ലക്ഷ്യം.
ആധാറുമായി ബന്ധിപ്പിക്കാൻ
വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് എല്ലാ താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്‌കിൽ ഇലക്‌ഷൻ ഐ.ഡി നമ്പറും ആധാർ നമ്പറും നൽകി അവ ബന്ധിപ്പിക്കാം.
ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തിയും വിവരം ശേഖരിക്കുന്നുണ്ട്.
ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെട്ടോ വോട്ടർ ഹെൽപ് ലൈൻ ആപ്പ്, നാഷണൽ വോട്ടേഴ്‌സ് സർവീസസ് പോർട്ടൽ (https://www.nvsp.in/) എന്നിവ വഴിയോ പൊതുജനങ്ങൾക്കും ചെയ്യാം.