തൃശൂർ: ഓണാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത് 250 പേർ. മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി തൃശൂർ എക്‌സൈസ് ഡിവിഷനിൽ ഓണാഘോഷ കാലയളവിൽ സെപ്തംബർ 5 മുതൽ 12 വരെയാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തിയത്.
കോട്പ ആക്ട് പ്രകാരം 511 കേസുകൾ കണ്ടെത്തി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളും വിമുക്തി മിഷന്റെ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി. പൊലീസ്, വനം, റവന്യൂ, കോസ്റ്റൽ പൊലീസ് എന്നീ വകുപ്പുകളുമായി ചേർന്ന് 82 സംയുക്ത റെയ്ഡുകൾ നടത്തി. വിമുക്തി മിഷന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമൂഹത്തിന്റെ മറ്റ് മേഖലകളിൽ ഉള്ളവർക്കും സ്‌കൂളുകളിൽ നടന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പുകൾ, എസ്.പി.സി ക്യാമ്പുകൾ എന്നിവയിൽ പങ്കെടുത്തവർക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നടത്തി.
കൂടാതെ ഹാഫ് മരത്തൺ, ടർഫ് ഫുട്‌ബാൾ മാച്ച്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ എക്‌സൈസ് വകുപ്പ് നടത്തി.
അബ്കാരി കേസുകൾ 171
171 അബ്കാരി കേസുകൾ കണ്ടുപിടിച്ച് അതിൽ 165 പേരെ പ്രതി ചേർത്ത് 161 പേരെ അറസ്റ്റ് ചെയ്തു. 528.340 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 11.65 ലിറ്റർ കള്ളും 38.650 ലിറ്റർ ബിയറും 20.750 ലിറ്റർ ചാരായവും 1620 ലിറ്റർ വാഷും 4 ലിറ്റർ വ്യാജ മദ്യവും 7 വാഹനങ്ങളും 5190 രൂപ പണവും പിടിച്ചെടുത്തു.
മയക്കു മരുന്ന് കേസുകൾ 86
86 എൻ.ഡി.പി.എസ് കേസുകൾ കണ്ടുപിടിച്ച് അതിൽ 89 പേരെ പ്രതി ചേർത്ത് 89 പേരെ അറസ്റ്റ് ചെയ്തു. 8.578 കിലോഗ്രാം കഞ്ചാവും 8 കഞ്ചാവ് ചെടികളും 13.392 ഗ്രാം എംഡിഎംഎയും 3 ഗ്രാം നൈട്രാസെപാം ഗുളികകളും 2 വാഹനങ്ങളും പിടിച്ചെടുത്തു.