sagardaya-college

കൊടകര: സഹൃദയ എൻജിനിയറിംഗ് കോളേജിലെ ബി ടെക് ബ്രാഞ്ചുകൾക്ക് എൻ.ബി.എ അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും അദ്ധ്യയന വർഷാരംഭവും നടത്തി. ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സഹൃദയയിലെ ബയോ ടെക്‌നോളജി, ബയോമെഡിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചുകൾക്കാണ് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചത്.

കോളേജിലെ വിജയശതമാനം,പ്ലേസ്‌മെന്റ്, ടെക്‌നോളജിക്കൽ ഇൻകുബേഷൻ സെന്റർ, ലാബുകൾ, ക്ലാസ് റൂമുകൾ, ലൈബ്രറി തുടങ്ങി നിരവധി നേട്ടങ്ങളും സൗകര്യങ്ങളും വിലയിരുത്തിയാണ് എൻ.ബി.എ അംഗീകാരം ലഭിച്ചത്. മികച്ച ഗ്രേഡ് ഉള്ളതിനാൽ സഹൃദയയെ സ്വയംഭരണാധികാരമുള്ള കോളേജായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.

ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് മോൺ. ജോയ് പാലിയേക്കര, എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധ ജോർജ് വളവി, പ്രിൻസിപ്പൽ ഡോ. നിക്‌സൻ കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.