 
ഗുരുവായൂർ: എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസമായി നടത്തിവരുന്ന ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനാചരണത്തിന് ഇന്ന് സമാപനം. സമാധി ദിനാചരണത്തിന്റെ നാലാം ദിവസമായ ഇന്നലെ നടന്ന സമാദരണ സദസിൽ ശിവഗിരിമഠം സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ സർവൈശ്വര്യപൂജ, ഭജൻ സന്ധ്യ, ഭക്തിപ്രഭാഷണം എന്നിവ നടന്നു.
ഗുരുദേവ തത്വങ്ങൾ ശീലിച്ചുകൊണ്ട് ഗുരുദേവ ഭക്തർ അഹിംസാവ്രതം എടുക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ, വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ, എ.എസ്. വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽകുമാർ, ശൈലജ കേശവൻ, രമണി ഷൺമുഖൻ, വി.കെ. ചന്ദ്രൻ, ചുള്ളി പറമ്പിൽ ശ്രീനിവാസൻ, താമരശ്ശേരി സദാനന്ദൻ എന്നിവർ സംസാരിച്ചു.
ഗുരുപൂജയും അഷ്ടോത്തര നാമാവലിയും പ്രസാദ വിതരണവും ഉണ്ടായി. മഹാസമാധി ദിവസമായ ഇന്ന് നടക്കുന്ന സമാദരണ സദസ് എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യും. സൈക്കോളജിസ്റ്റ് അനൂപ് വൈക്കം പ്രഭാഷണം നടത്തും. പൊഫഷണൽ വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെ അസി. പൊലീസ് കമ്മിഷണർ കെ.ജി. സുരേഷ് ആദരിക്കും. ശാന്തിഹവനം, ശാന്തിഗീതം, സമർപ്പണ പൂജ എന്നിവയും നഗരം ചുറ്റി ശാന്തിയാത്രയും ഇന്ന് നടക്കും.