
തൃശൂർ : കേച്ചേരി കൂമ്പുഴ പാലത്തിന് സമീപം മകനെയുമെടുത്ത് അമ്മ പുഴയിൽ ചാടി മരിച്ചു. കേച്ചേരി ചിറനെല്ലൂർ സ്വദേശിനി ഹസ്‌ന (30), മകൻ റോണക്ക് ജഹാൻ (4) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രണ്ട് മൃതദേഹങ്ങളും പുഴയിൽ നിന്നും കണ്ടെടുത്തത്. മകൻ പഠിക്കുന്ന അങ്കണവാടിയിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞാണ് ഹസ്‌ന രാവിലെ മകനെയും കൂട്ടി വീട്ടിൽ നിന്നുമിറങ്ങിയത്. പിന്നീട് മൃതദേഹം പുഴയിൽ കണ്ടെത്തുകയായിരുന്നു. ഹസ്‌നയ്ക്ക് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഭർത്താവ് കോട്ടാൽ സ്വദേശിയായ റിജേഷുമായി തെറ്റിപ്പിരിഞ്ഞ് നാല് വർഷമായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.