കൊടുങ്ങല്ലൂർ: യു.എ.ഇയിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ട് ജോലിയും, താമസ സൗകര്യവും, ഭക്ഷണവുമില്ലാതെ രണ്ട് വർഷത്തോളം ഒരു ഗ്രാമത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കൊടുങ്ങല്ലൂർ അഴീക്കോട് മേനോൻ ബസാർ സ്വദേശി മാടത്തിങ്കൽ കൊച്ചു മുഹമ്മദ് മകൻ നിഷാദ് ഇന്ന് രാവിലെ നാട്ടിലെത്തും. നിഷാദ് കേരള പ്രവാസി സംഘം അഴീക്കോട് മേഖലാ കമ്മിറ്റിയുടെ സഹായം തേടി ശബ്ദസന്ദേശം അയച്ചതാണ് മോചനത്തിന് വഴിത്തിരവായത്.

പ്രവാസി സംഘം വാട്‌സ്ആപ് ഗ്രൂപ്പ് വഴി വിവരമറിഞ്ഞ യു.എ.ഇയിലെ കൊടുങ്ങല്ലൂർ ഫ്രണ്ട്‌സ് മീറ്റ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയായിരുന്നു. അവർ നിഷാദിനെ കണ്ടെത്തി സംരക്ഷണം നൽകി. കൊടുങ്ങല്ലൂർ ഫ്രണ്ട്‌സ് മീറ്റ് പ്രവർത്തകർ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്ന ഉത്തരവാദിത്വവും ഏറ്റെടുക്കുകയായിരുന്നു. ഏറെ നിയമ, സാങ്കേതിക, സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്ന വിഷയത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച സംഘടനയുടെ പ്രവർത്തനം ഏറെ അഭിനന്ദിക്കപ്പെട്ടു. എംബസിയിൽ നിന്നും താത്കാലിക പാസ്‌പോർട്ട് ലഭ്യമാക്കുന്നതിനായി നാട്ടിലെ പൊലീസ് ഇടപെടലും സഹായകരമായി. ഇന്ന് പുലർച്ചെ 3.30നുള്ള എയർ അറേബ്യ വിമാനത്തിൽ കോഴിക്കോടെത്തുന്ന നിഷാദിനെ ഭാര്യയും, മക്കളും, സഹോദരങ്ങളും സ്വീകരിക്കും. ഈ വിഷയത്തിൽ ഇടപെട്ടവരെ കേരള പ്രവാസി സംഘം അഴീക്കോട് കമ്മിറ്റി അഭിനന്ദിച്ചു.