കൊടുങ്ങല്ലൂർ: നഗരസഭ നാലാം വാർഡിൽ തെരുവു നായയുടെ കടിയേറ്റ് ഒരു ആയുർവേദ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർ ആശുപത്രിയിൽ. കൊടുങ്ങല്ലൂർ സി.ഐ ഓഫീസിന് പടിഞ്ഞാറ് വശം നാലാം വാർഡിൽ താമസിക്കുന്ന ആയുർവേദ ഡോക്ടറായ വാടയ്ക്കപുറത്ത് ഉണ്ണിക്കൃഷ്ണൻ മകൾ ആതിര (26) ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ആതിരയുടെ രണ്ട് കാലിലും സാരമായ മുറിവുകളുണ്ട്. പരിക്കേറ്റവർ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കടിച്ച നായക്ക് പേ വിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കൗൺസിലർമാരായ ടി.എസ്. സജീവൻ, പരമേശ്വരൻ കുട്ടി, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നായയെ പിടികൂടി കൂട്ടിലടച്ചു. കൊടുങ്ങല്ലൂർ വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ ശിൽപ്പ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.